ന്യൂനമർദം ശക്തമാകുന്നു; തീരപ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് ന്യൂനമർദം ശക്തമാകുന്നു. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലേർട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഡിസംബർ അഞ്ച് വരെ മീൻപിടിത്തം നിരോധിച്ചു.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാൽ നദിക്കരയിലും പ്രളയസാധ്യതയുള്ളയിടങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പ് നൽകി .
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലും കഴിഞ്ഞ രാത്രി പലയിടത്തായി കനത്ത മഴ അനുഭവപെട്ടു. വയനാട്ടിൽ ഇന്ന് യെല്ലോ അലേർട്ടാണ്.