മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം
പ്രയാഗ്‌രാജ്: ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഇത്തവണ സുരക്ഷക്ക് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. ഈ തവണ 4000 ഹെക്ടറാണ് കുംഭമേളക്കായി ഒരുക്കിയിരിക്കുന്നത്. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു.
ഘട്ടുകളുടെ നീളം 8 കിലോമീറ്ററിൽനിന്ന് 12 കിലോമീറ്ററാക്കി കൂടാതെ പാർക്കിങ് ഏരിയയും വർധിപ്പിച്ചു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നത് മൂവായിരം ക്യാമറകളുടെ സഹായത്താലാണ്. ഈമാസം 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടി ഭക്തരെയാണു പ്രതീക്ഷിക്കുന്നത്. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടക പ്രവാഹമുണ്ടാകുമെന്നതിനാൽ അന്നു വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ല. മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്.
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. 3 വർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണു കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണു മഹാകുംഭമേള നടക്കുന്നത്.