മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; തമന്നയെ ചോദ്യം ചെയ്ത് ഇ ഡി
ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഗുവാഹാത്തിയിലെ ഇ ഡി ഓഫീസില്‍ അമ്മയോടൊപ്പമാണ് തമന്ന ചോദ്യം ചെയ്യലിന് എത്തിയത്. ഏകദേശം അഞ്ചുമണിക്കൂറോളം ഇ ഡി തമന്നയെ ചോദ്യം ചെയ്തു. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് തമന്നക്കെതിരായ ആരോപണം.
ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേക്ഷണം ചെയ്തതായി നേരത്തേ പരാതി ലഭിച്ചിരുന്നു. ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ശ്രദ്ധാ കപൂറും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. ഛത്തീസ്ഗഢ് ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ ചേര്‍ന്ന് ദുബായില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. യുഎഇയില്‍നിന്നാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു.