മലങ്കര സഭാ തര്‍ക്കം: സര്‍ക്കാര്‍ ഇടപെടണമെന്ന് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ
നൂറ്റാണ്ടു പഴക്കമുള്ള മലങ്കര സഭാ തര്‍ക്കത്തിനു സര്‍ക്കാര്‍ ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. ജസ്റ്റിസ് കെ. ടി. തോമസ് കമ്മിറ്റി നിര്‍ദേശിച്ച ചര്‍ച്ച് ബില്‍ നിയമമാക്കി സഭാ പ്രശ്നത്തിനു പരിഹാരം കാണണം.
മലങ്കര സഭയും അന്ത്യോക്യ സിംഹാസനവും തമ്മിലെ ബന്ധം 2000 വര്‍ഷം പഴക്കമുള്ളതാണ്. ഭാരതത്തിന്റെ സഹിഷ്ണുതയും ഹൃദയവിശാലതയും മൂലമാണ് ആ ബന്ധം ഇന്നും തുടരാന്‍ കഴിയുന്നത്. ഈ മണ്ണിന്റെ സംസ്‌ക്കാരവും പൈതൃകവും ആഴത്തില്‍ വേരോടിയ സഭയാണു യാക്കോബായ സഭ. സഭയെ സത്യ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പോരാടിയ മഹനീയ വ്യക്തിത്വമാണു ശ്രേഷ്ഠബാവായുടേതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനു 'മലങ്കരയുടെ യാക്കോബ് ബുര്‍ദാന' എന്ന സ്ഥാനം നല്‍കി. ആദിമ നൂറ്റാണ്ടില്‍ സഭ പീഡനങ്ങളിലൂടെ ഛിന്നഭിന്നമായപ്പോള്‍ വിശ്വാസ സംരക്ഷണത്തിനു പ്രയത്‌നിച്ച പോരാളിയാണു യാക്കോബ് ബുര്‍ദാന. മലങ്കര സഭയ്ക്കു യാക്കോബായ സഭ എന്നു പേരുവന്നതും അങ്ങനെയാണെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഓര്‍മിപ്പിച്ചു.