കൂടല്ലൂരിലിറങ്ങിയ നരഭോജി കടുവ കെണിയിൽ കുടുങ്ങി
വയനാട്: ഈ മാസം ഒൻപതിന് വയനാട് ജില്ലയിലെ കൂടല്ലൂലിറങ്ങിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. വനം വകുപ്പ് അധികൃതർ സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലാണ് ഇ നരഭോജി കുടുങ്ങിയത്. കാപ്പിത്തോട്ടം ജംക്ഷനു സമീപത്ത് ഇന്നുച്ചയ്ക്ക് രണ്ടേകാലോടെയാണ് കടുവ കുടുങ്ങിയതെന്നു വനം വകുപ്പ് അധികൃതർ. മരോട്ടി പറമ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷിനെയാണ് ഈ മാസം ഒൻപതിന് കടുവ കൊന്നു പാതി തിന്നത്. പത്താം ദിവസമാണ് കടുവയെ കുടുക്കിയത്.
സ്വന്തം കൃഷിയിടത്തിൽ പുല്ലു ചെത്തിക്കൊണ്ടു നിന്ന പ്രജീഷിനെ നരഭോജി കടുവ ആക്രമിച്ചു കൊന്ന്, പച്ചജീവനോടെ പാതി തിന്നുകയായിരുന്നു. ഇടതു കാലിന്റെ തുട വരെയും തലയും ഉടലിന്റെ ഒരു ഭാഗവുമാണ് കടുവ തിന്നു തീർത്തത്. ഈ വർഷം ജനുവരിയിലും കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവടി പുതുശേരി സ്വദേശിയായ തോമസിനെയാണ് അന്നു കടുവ കൊന്നു തിന്നാൻ ശ്രമിച്ചത്. ഇതേ കടുവ തന്നെയാണോ പ്രജീഷിനെ ആക്രമിച്ചതെന്നു വ്യക്തമല്ല.