മണിപ്പൂർ സംഘർഷം: ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി
ഇംഫാൽ: മണിപ്പൂരില്‍ സംഘർഷം കത്തിപടരുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി. ജിരിബാമില്‍ ബിജെപിയിലെ എട്ടു ജില്ലാ നേതാക്കള്‍ രാജിവെച്ചു.സംഘർഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രാജിവെച്ചത്. ജിരിബാം പാർട്ടി ജില്ല അധ്യക്ഷൻ കെ. ജാദു സിങ്, ജനറല്‍ സെക്രട്ടറിമാരായ ഹേമന്ത സിങ്, ബ്രൊജേന്ദ്രോ സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മേഘാജിത് സിങ്, എല്‍. ചോബാ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജിവെച്ചത്. ജിരിബാം ജില്ലയില്‍നിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ ആക്രമിച്ചിരുന്നു. ശനിയാഴ്ച ബി.ജെ.പി സഖ്യ സർക്കാറിനുള്ള പിന്തുണ നാഷനല്‍ പീപ്പിള്‍സ് പാർട്ടി (എൻ.പി.പി) പിൻവലിച്ചിരുന്നു.