ഉമ്മന്‍ചാണ്ടിയുടെ മെഴുകു പ്രതിമയ്ക്കു മുന്നില്‍ വിങ്ങിപൊട്ടി മറിയാമ്മ
തിരുവനന്തപുരം: ചിരി നിറഞ്ഞ് തുളുമ്പുന്ന മുഖത്തോടെ ഉമ്മന്‍ചാണ്ടിയുടെ മെഴുകു പ്രതിമ. നിറഞ്ഞൊഴുകുന്ന മിഴികള്‍ക്ക് ഇടവേള നല്‍കാതെ മറിയാമ്മ നിന്നു. ജീവന്‍ തുടിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മെഴുകു പ്രതിമയ്ക്കു മുന്നില്‍ മുഖത്ത് നോക്കി അല്‍പം നേരം നിന്നു. പിന്നെ കയ്യില്‍ തൊട്ടു, പിന്നാലെ കവിളില്‍ തലോടി..
'അപ്പ തനിക്കരികിലെത്തിയെന്ന് പറയുമ്പോഴേക്കും' മറിയയുടെ വാക്കുകള്‍ കരച്ചിലായി. കിഴക്കേകോട്ടയിലെ സുനില്‍ വാക്‌സ് മ്യൂസിയത്തില്‍ ശില്‍പി സുനില്‍ തീര്‍ത്ത ശില്‍പത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഉള്ളുവിങ്ങുന്ന നിമിഷങ്ങള്‍ക്ക് വേദിയായത്. മകന്‍ ചാണ്ടി ഉമ്മന്‍, പേരക്കുട്ടി എഫിനോവ എന്നിവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
14 വര്‍ഷം മുമ്പാണ് ശില്‍പി സുനില്‍ കണ്ടല്ലൂര്‍ പ്രതിമ നിര്‍മിക്കാനുള്ള താല്‍പര്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. ജഗതിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അളവുകള്‍ എടുത്തു. ആരോഗ്യവാനായ ഉമ്മന്‍ ചാണ്ടിയുടെ അളവുകളാണ് സുനില്‍ ശേഖരിച്ചത്. ഊര്‍ജസ്വലനായ ഉമ്മന്‍ ചാണ്ടി മുന്നില്‍ വന്ന് നില്‍ക്കും പോലെയെന്ന് മറിയാമ്മ ഉമ്മന്‍ പറഞ്ഞതിനും കാരണമിതാണ്.
അന്ന് നിര്‍മിച്ച മോഡല്‍ മുംബൈയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. പ്രായവ്യത്യാസമനുസരിച്ച് പുതിയ മോഡലാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിനായി നിര്‍മിച്ചിരിക്കുന്നത്. ആറുമാസംകൊണ്ടാണ് പ്രതിമ പൂര്‍ത്തിയാക്കിയത്. പ്രതിമയെ അണിയിക്കാന്‍ ഉമ്മന്‍ ചാണ്ടി ധരിച്ചിരുന്ന മുണ്ടും ഷര്‍ട്ടും കഴിഞ്ഞ ദിവസം മ്യൂസിയം അധികൃതര്‍ ജഗതിയിലെ വീട്ടിലെത്തി സ്വീകരിച്ചു. 'കുഞ്ഞ്' (ഉമ്മന്‍ ചാണ്ടിയുടെ വിളിപ്പേര് ) ജീവിച്ചിരിക്കെ ഈ പ്രതിമ കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു മറിയാമ്മയുടെ സങ്കടം.
ഒരു വര്‍ഷമായി ഹൃദയത്തില്‍ ജീവിക്കുന്ന ഉമ്മന്‍ ചാണ്ടി ജീവനോടെ അരികിലെത്തിയ അനുഭവം. നേതാക്കള്‍ മരിക്കുമ്പോള്‍ 'ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്നെല്ലാം അണികള്‍ പറയാറുണ്ട്. ശരിക്കും ഞങ്ങള്‍ അത് അനുഭവിക്കുകയായിരുന്നു. അവര്‍ കണ്ണീരോടെ ഓര്‍മിച്ചു.
ചാണ്ടി ഉമ്മന്‍ അധ്യക്ഷനായ ചടങ്ങില്‍ മറിയാമ്മ ഉമ്മന്‍ പ്രതിമ അനാവരണം ചെയ്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു