മാർക്ക് ലിസ്റ്റ് തിരുത്തി ക്ലർക്ക് ഗസറ്റഡ് ഓഫീസറായി; മൃഗസംരക്ഷണ വകുപ്പിലെ ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്
തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് തിരുത്തി ക്ലർക്ക് ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിൽ നടന്ന ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്. വകുപ്പിലെ ചിക് സെക്സിങ് ഇൻസ്ട്രക്ടർ തസ്തികയിലെത്താൻ ക്ലർക്കായിരുന്ന എൽ. രമാദേവി മാർക്ക് ലിസ്റ്റ് രജിസ്റ്ററിൽ തിരുത്തൽ വരുത്തിയത് നേരത്തെ വൻ വിവാദമായിരുന്നു. 96 ശതമാനം മാർക്കുള്ള എൽ. രമാദേവിയുടെ മാർക്ക് 99 ശതമാനമാക്കിയായിരുന്നു രേഖകളിലെ തിരിമറി. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു സ്വകാര്യ ചാനലാണ് ഗൂഢാലോചനാ തെളിവുകൾ പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് നേരത്തെ നിയമസഭയിൽ ചോദ്യം വന്നപ്പോൾ, സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം കോഴ്സിൻ്റെ വിശദാംശങ്ങള്‍ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മറുപടി നൽകിയിരുന്നു. രേഖകൾ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണവും നടന്നില്ല. എന്നാൽ, വീണ്ടും വാർത്തകൾ പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം പേരൂർക്കട പൊലീസിൽ മൃഗസംരക്ഷണ വകുപ്പ് പരാതി നൽകി. രേഖകൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ പരാതി നൽകിയിരിക്കുന്നത്.
ചിക് സെക്സിങ് ഇൻസ്ട്രറാകാൻ 98 ശതമാനം മാർക്കോടെയാണ് കോഴ്സ് പാസാകേണ്ടത്. 96 ശതമാനം മാർക്കുള്ള രമാദേവിക്ക് 99 ശതമാനമുണ്ടെന്നും നിയമനം നൽകാമെന്നും മൃഗസംരക്ഷവകുപ്പ് ഡയറക്ടേറ്റിലേക്ക് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ. എന്നാൽ ഏത് ഉദ്യോഗസ്ഥനാണിതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തിരുത്തിയ രേഖയുടെ പകർപ്പ് 2016ൽ വിവരാവകാശ നിയമപ്രകാരം അപേക്ഷകർക്ക് നൽകിയിട്ടുണ്ട്. ഈ രേഖയിലാണ് രമാദേവിയുടെ പേരിന് നേരെ തൊട്ടടുത്ത വർഷം 99 ശതമാനം മാർക്ക് നേടിയ ജെസ്സിയുടെ മാർക്ക് ചേർത്ത് വച്ച് രേഖയുണ്ടാക്കിയത്. തട്ടിപ്പ് വിവരം മൂടിവയ്ക്കാനായി പിന്നീട് മാർക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസിൽ നശിപ്പിച്ചുവെന്നാണ് വിവരം. കുടുപ്പനക്കുന്നിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ചിക് സെക്സിങ് കോഴ്സ് പാസാവരുടെ മാർക്കും പൂർണവിവരങ്ങളും നിയമസഭയിൽ ആവശ്യപ്പെട്ട കുറുക്കോളി മൊയ്തീൻ എംഎൽഎക്ക് രേഖകളൊന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മൃഗസംരക്ഷവകുപ്പ് മന്ത്രി മറുപടി നൽകിയത്. 2016 ൽ വിവരാവകാശ പ്രകാരം രേഖകള്‍ നൽകിയ വകുപ്പാണ് നിലപാട് മാറ്റുന്നത്.
രേഖകളുടെ കസ്റ്റോഡിയൻ കുടപ്പനക്കുന്നിലെ മാനേജുമെൻ്റ് ട്രെയിനിംഗ് സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. പരീക്ഷയെഴുതിയവരെ രേഖകള്‍ നശിപ്പിക്കണമെങ്കിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ അനുമതി വേണം. അങ്ങനെ ഒരു അനുമതി നൽകിയിട്ടില്ല. രമാദേവിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയിലും വകുപ്പ് പറയുന്നത് രേഖകളൊന്നും ഓഫീസിലില്ലെന്നാണ്.