മാസപ്പടി കേസ്: പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്രം അനങ്ങിയില്ല; മാത്യു കുഴല്നാടന് എംഎല്‍എ
കൊച്ചി: മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഗൗരവമുള്ള ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വീണാ വിജയനെ സഹായിക്കാനുള്ള നീക്കമാണ് നടത്തിയത്. പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്രം അനങ്ങിയില്ല. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ഇതിന്റെ നാലിലൊന്ന് തെളിവില്ലാതിരുന്നിട്ടും നടപടിയെടുത്തു.
വിഷയത്തെ ഗൗരവമായി കണ്ടിരുന്നെങ്കില്‍ കേന്ദ്രം ഇഡി അന്വേഷണം ഏര്‍പ്പെടുത്തിയേനെ. എസ്എഫ്ഐഒ റിപ്പോര്‍ട്ട് വീണയ്ക്ക് അനുകൂലമായാലും പ്രതികൂലമായാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്.