ടി. സിദ്ദിഖ് നയിക്കുന്ന ചുരം പ്രക്ഷോഭയാത്രയ്ക്കു വൻ ജനപിന്തുണ
ബത്തേരി: വയനാടിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ചുരം പ്രക്ഷോഭ യാത്രയ്ക്കു തുടക്കം. ഇന്നു രാവിലെ ബത്തേരിയിൽ നിന്നു തുടങ്ങിയ യാത്ര വൈകുന്നേരം അടിവാരത്ത് സമാപിക്കും.
വയനാട്ടിലേക്കുള്ള ബദൽറോഡുകൾ, ചുരം വളവുകളിലെ വീതികൂട്ടൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. കെ മുരളീധരൻ എംപി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു. ദിവസേന മൈക്കിനുമുന്നിൽ വന്നു നിന്ന് തള്ളിയാൽ മാത്രം പോരെന്നും ഫയലുകൾ കൂടി തള്ളാൻ സർക്കാർ തയാറാകണമെന്നും കെ. മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പരിഹസിച്ചു. സിൽവർ ലൈനിന് 64,000 കോടി നൽകാമെന്നു പറയുന്ന സർക്കാർ വയനാട്ടിലെ ചുരം വികസനത്തിന് 100 കോടി രൂപ നൽകാൻ മടിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ചുരം പ്രക്ഷോഭയാത്രയുടെ ഉദ്ഘാടന പ്രസംഗത്തിൽ കെ. മുരളീധരൻ സർക്കാരിനെതിരെ ഉന്നയിച്ചത് രൂക്ഷ വിമർശനമായിരുന്നു. വയനാട്ടിലേക്കുള്ള ബദൽ പാത എന്നത് കേൾക്കാൻ തുടങ്ങിയിട്ട് ഏഴര കൊല്ലമായി. സിൽവർലൈനിന് വേണ്ടിവരുന്ന ചിലവ് 64000 കോടിയെന്ന് സംസ്ഥാനസർക്കാർ തന്നെ സമ്മതിച്ചതാണ്. നൂറ് കോടിരൂപയുണ്ടെങ്കിൽ വയനാട്ടിലേക്കുള്ള ബദൽപാത യാഥാർഥ്യമാകും. എന്നിട്ടും എന്താണ് നടപ്പാക്കാത്തതെന്ന് ചോദ്യം.
വയനാടിനോടു സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്ന് ജാഥാ ക്യാപ്റ്റൻ ടി. സിദ്ദിഖ് എംഎൽഎ. എയർ കണക്റ്റിവിറ്റി പോലുമില്ലാത്ത വയനാട്ടിൽ ടൂറിസം മേഖലയും അവഗണിക്കപ്പെട്ടു. താമരശേരി ചുരത്തിലെ 6,7,8 വളവുകളുടെ വീതികൂട്ടൽ വേഗത്തിലാക്കണം, ബദൽപാതകളുടെ നടപടിക്ക് സർക്കാർ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. സഹികെട്ടാണ് തങ്ങൾ സമര മുഖത്തിറങ്ങിയതെന്നും പരിഹാരം കാണുന്നില്ലെങ്കിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഡിഎഫിന്റെ നേതൃത്വത്തിൽ അടിവാരം വരെയാണ് യാത്ര. ചുരത്തിൽ ഗതാഗതക്കുരുക്ക് നിത്യസംഭവവും അവധി ദിനങ്ങളിൽ മണിക്കൂറുകൾ വാഹനങ്ങൾ കുടുങ്ങുന്ന സ്ഥിതിയും ഉണ്ടായതാണ് ബദൽപാതകളെ കുറിച്ചുള്ള ചർച്ചകൾക്ക് വേഗം കൂട്ടിയത്. വയനാട്, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളും ജാഥയിൽ പങ്കെടുത്തു.