അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴൽനാടൻ എംഎൽഎ
പോത്താനിക്കാട് : പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. ഇന്നലെ ജനപ്രതിനിധികൾക്കൊപ്പം എത്തിയായിരുന്നു ഓണാഘോഷം. മാത്യു കുടൽ നാടൻ എംഎൽഎയുടെ സ്പർശം പദ്ധതിയുടെ ഭാഗമായി അന്തേവാസികൾക്ക് ഓണക്കോടികൾ നൽകി അവർക്കൊപ്പം സദ്യയുണ്ടാണ് എംഎൽഎയും സഹപ്രവർത്തകരും മടങ്ങിയത്. 1986 ലാണ് ഈ സ്ഥാപനം പോത്താനിക്കാട് പ്രവർത്തനം ആരംഭിച്ചത്. കേരള ഫെഡറേഷൻ ഓഫ് ബ്ലയ്ൻഡിന് സൗജന്യമായി കിട്ടിയ സ്ഥലത്ത്, സുമനസ്സുകളായ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രസ്തുത സ്ഥാപനവും, അനുബന്ധ കെട്ടിടങ്ങളും പണി കഴിപ്പിച്ചത്. തുടക്കത്തിൽ കേന്ദ്രസാമൂഹ്യനീതി വകുപ്പിന്റെ ഗ്രാൻഡ് അന്ധവനിതകളുടെ തൊഴിൽ പരിശീലനത്തിനായി ലഭിച്ചിരുന്നു എന്നാൽ 2000 മുതൽ കേന്ദ്രഗവണ്മെന്റ് നൽകി വന്നിരുന്ന ഗ്രാൻഡ് നിർത്തലാക്കിയതോടെ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം മന്ദഗതിയിലായി. 38വർഷം മുൻപ് പണിത ഹോസ്റ്റൽ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. കെട്ടിടത്തിനു സുരക്ഷാഭീഷണി ഉള്ളതുകൊണ്ടും, ഇവരെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടും കൂടുതൽ വനിതകളെ പാർപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരികെ പോകാൻ യാതൊരു ഇടവുമില്ലാത്ത ഇരുപത്തഞ്ചോളം അന്ധസഹോദരിമാർ എപ്പോഴും ഇവിടെ പരിമിതമായ സാഹചര്യങ്ങളിൽ താമസിച്ചു വരികയാണ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് , വൈസ് പ്രസിഡന്റ് ആശാ ജിമ്മി, സാലി ഇയ്പ്പ് - ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷാജി സി ജോൺ - കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്.പഞ്ചായത്ത് അംഗങ്ങളായ ജോസഫ് എൻ എം, ജോസ് വർഗീസ്, ജിനു മാത്യു, ഫിജിന അലി, ഡോളി സജി, ബ്ലൈൻഡ് വുമൺസ് വെൽഫെയർ ഡെവലപ്മെന്റ് സെന്റർ- ചെയർമാൻ ജിൻസ് ജോർജ്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് - സംസ്ഥാന സെക്രട്ടറിജയരാജ് പി എന്നിവർ പങ്കെടുത്തു.