For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉപേക്ഷ കൂടാതെ ചേർത്തുപിടിക്കാം; ഇന്ന് മാതൃദിനം

07:12 AM May 12, 2024 IST | Veekshanam
ഉപേക്ഷ കൂടാതെ ചേർത്തുപിടിക്കാം  ഇന്ന് മാതൃദിനം
Advertisement

ആദിത്യ എം വി

Advertisement

അവഗണിക്കലിന്റെയും ഉപേക്ഷിക്കലിന്റെയും നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തേക്ക് വരുന്നത്. കുട്ടികൾ അവരുടെ മാതാപിതാക്കളെയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ നാം കാണാറുണ്ട്. പക്ഷേ സമീപകാലത്ത് അത്തരം വാർത്തകൾ വർദ്ധിച്ചുവരികയാണ്. ബന്ധങ്ങളുടെ ആർദ്രത മനസ്സിലാക്കാത്ത ഒരു തലമുറയാണ് ഇന്നിന്റെ അപചയം. ഒരു കുട്ടിയായി പിറന്നുവീഴുന്ന നിമിഷം മുതൽ എല്ലാ ഉയർച്ചകളിലും കരുതലായി നിലകൊള്ളുന്ന മാതാപിതാക്കളെ വളർന്ന് പന്തലിക്കുമ്പോൾ വേണ്ടെന്നു വെക്കുന്ന പ്രവണത അപരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രണ്ടോ മൂന്നോ ദിവസം കുട്ടി വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ രക്ഷകർത്താക്കൾക്കും തിരികെ രക്ഷകർത്താക്കൾ എന്തെങ്കിലും യാത്ര പോകുമ്പോൾ കുട്ടിക്കും നേരിടേണ്ടിവരുന്ന നഷ്ടബോധം എത്രത്തോളം എന്ന് നമുക്കറിയാം. അങ്ങനെയാകുമ്പോൾ കാലങ്ങളോളം ഉപേക്ഷിച്ചു പോകുമ്പോൾ അവരിൽ നിറയുന്ന സങ്കടക്കടൽ എത്രത്തോളമാകും. ബന്ധങ്ങൾ അറ്റു പോകുക എന്നാൽ അത് മരണത്തോളം തന്നെ അത്ര വേദനിപ്പിക്കുന്ന ഒന്നാണ്. വളർത്തി വലുതാക്കിയ അമ്മയെയും അച്ഛനെയും നിഷ്കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യത്ത് വർധിച്ച് വരുന്ന വൃദ്ധസദനങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ല. തൃപ്പൂണിത്തുറയിൽ മകൻ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. പൊതുസ്ഥലങ്ങളിലും അമ്പലനടകളിലും അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ ഒരിക്കൽ അവരെയും നാളെ വാർദ്ധക്യം പിടുകൂടും എന്ന് ഓർക്കുന്നില്ല.

സ്വത്ത്‌ തട്ടിയെടുത്തും മറ്റും വർദ്ധക്യത്തിലെത്തുമ്പോൾ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ ക്രമാതീതമായി വർധിച്ച് വരികയാണ്. മൂന്ന് പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടി വൃദ്ധമാതാവിനെ കൊലപെടുത്തിയ സംഭവം നമ്മുടെ നൈതിക മൂല്യങ്ങൾക്ക് സംഭവിച്ച ജീർണതയ്ക്ക് ഉദാഹരണമാണ്. ഏറെ പരിചണവും പരിപാലനവും സ്നേഹവും പരിരക്ഷയും കൊടുത്ത് വളർത്തിയ മാതാപിതാക്കളെ സ്വന്തം മക്കൾ തന്നെ ഈ രീതിയിൽ ക്രൂരതയ്ക്ക് വിധേയമാക്കുമ്പോൾ മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്.വാർദ്ധക്യത്തിലെത്തുമ്പോൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ പ്രയോഗിക്കാൻ ഇവിടെ നിയമങ്ങൾ ഉണ്ടെങ്കിൽ തന്നെ അതൊക്കെ പലപ്പോഴും നോക്കുകുത്തികളായി മാറുകയാണ്. 2007 ൽ പാർലമെന്റ് പാസ്സാക്കിയ മെയ്ന്റനൻസ് വെൽഫയർ പേരെന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം മാതാപിതാക്കളെ പരിപാലിക്കാത്ത മക്കളെ കടുത്ത ശിക്ഷയ്ക്ക് വിധിക്കും എന്നാണ് നിയമം. എന്നാൽ പ്രയോഗികമായി ഇത്തരം നിയമങ്ങൾ അധികാരികൾ കൊണ്ടുവരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കപട സ്നേഹത്തിന്റെ പിന്നിൽ എണ്ണമറ്റ മാതാപിതാക്കൾ സ്വന്തം മക്കളുടെ പ്രവർത്തികൊണ്ട് ശാരീരികവും വൈകാരികവും സാമ്പത്തികവുമായ ചൂഷണങ്ങൾ അനുഭവിക്കുന്നു. വാക്കാലുള്ള അധിക്ഷേപങ്ങളും കൃത്രിമത്വവും മുതൽ ശാരീരിക ആക്രമണവും മാനസികചൂഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.പുതിയ സംസ്കാരങ്ങളുടെ അതിനിവേശം സമൂഹത്തിൽ ആഴത്തിലുള്ള ഇടുങ്ങിയ ചിന്താഗതി രൂപപ്പെടുത്തും. പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങളെ തിരിച്ചറിയാൻ കഴിയാത്ത തലമുറയായി നമ്മുടെ പുതുതലമുറ മാറിയിരിക്കുന്നു. ഒരു വ്യക്തി ഒരു സമൂഹത്തിന്റെ തന്നെ പരിചേതമായി മാറുമ്പോൾ ആ സമൂഹം ഒരു മൂല്യബോധം ഉള്ളതാവണം. ആ മൂല്യങ്ങൾ സ്വയം നവീകരണത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാകേണ്ടതുണ്ട്. അകലങ്ങൾക്കിടം നൽകാതെ, അതിരുകളില്ലാതെ പരസ്പരം ചേർന്നു നിൽക്കുന്ന ഇടങ്ങളുണ്ടാകട്ടെ..

Author Image

Veekshanam

View all posts

Advertisement

.