'മാധ്യമ അജണ്ടകൾക്ക് നിന്നുതരില്ല'; വിദ്യാർത്ഥി വിരുദ്ധ സർക്കാരുകൾക്കെതിരെ സമരമുന്നേറ്റം തീർക്കുമെന്ന് കെ എസ് യു
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ ഡാമിൽ നടന്ന കെഎസ്യു തെക്കൻ മേഖല ക്യാമ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത സംഘടനയ്ക്കെതിരായ ചിലരുടെ അജണ്ടകൾക്ക് പുറത്താണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാർത്ഥി സമൂഹം നേരിടുന്ന വിഷയങ്ങളാണ് ക്യാമ്പിൽ ചർച്ചയ്ക്ക് വന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നായി 300ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഈ സർക്കാരുകൾക്കെതിരെ ശക്തമായ സമരം വരും ദിവസങ്ങളിൽ ഉണ്ടാകും. ഒട്ടേറെ വിദ്യാഭ്യാസ വിഷയങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ അതിനെ തുറന്നു കാട്ടാത്ത മാധ്യമങ്ങൾ സംഘടനയ്ക്കെതിരെ വ്യാജവാർത്തകൾ ചമയ്ക്കുകയാണ്. കൃത്യമായി രാഷ്ട്രീയം ഉയർത്തിക്കാട്ടി ശക്തമായ സമരങ്ങൾക്ക് വരും ദിവസങ്ങളിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.