ഇതര സംസ്ഥാന തൊഴിലാളികൾ കൊണ്ടുപോകുന്നത്
42,000 കോടി, തടയിടണമെന്ന് ഐഎൻടിയുസി
പ്രത്യേക ലേഖകൻ
കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്നു കടത്തുന്നത് 42,000 കോടി രൂപയെന്ന് ഐഎൻടിയുസി. കുറഞ്ഞ വേതനത്തിന് ജോലിക്ക് ആളെ ലഭിക്കുന്നു എന്നതുകൊണ്ട്, സമസ്ത മേഖലകളിലും ഇവരെ ജോലിക്കു നിയോഗിക്കുന്നതു മൂലം സംസ്ഥാനത്ത് ആഭ്യന്തര വരുമാനം കുറയുകയാണെന്ന് ബജറ്റിനു മുന്നോടിയായി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ധന മന്ത്രി കെ. എൻ. ബാലഗോപാൽ നടത്തിയ ചർച്ചയിൽ ഐഎൻടിയുസിചൂണ്ടിക്കാട്ടി.
സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കണക്കിൽ കേരളത്തിൽ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവർ ഓരോരുത്തരും പ്രതിമാസം ശരാശരി 10,000 രൂപ വീതം സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. കേരളത്തിന്റെ പൊതു വിപണയിൽ എത്തേണ്ട പണമാണിത്. 42,000 കോടി രൂപയാണ് ഇങ്ങനെ പുറത്തേക്കൊഴുകുന്നത്. കേരളത്തിലെ അവിദഗ്ധ തൊഴിലാളികൾക്ക് മതിയായ പരിശീലനവും ബോധവൽക്കരണവും നടത്തി വിവിധ തൊഴിൽ മേഖലയിലെത്താനുള്ള അവസരം നൽകിയാൽ ഇവിടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ കിട്ടും. ഇതര സംസ്ഥാന തൊഴിലാളികൾ ഒരു നിയന്ത്രണവുമില്ലാതെ വന്നു പോകുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്ന് ധനമന്ത്രിക്കു നൽകിയ സമഗ്രമായ ബജറ്റ് മാർഗരേഖയിൽ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. 1979ലെ ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് നിയമം കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ നിയമം നപ്പാക്കുന്നതു വഴി ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കുറയ്ക്കാൻ കഴിയുമെന്നും മാർഗരേഖയിൽ പറയുന്നു.
കേരളത്തിൽ ഏതു മേഖലയിലെയും മിനിമം വേതനം 900 രൂപയാക്കണമെന്നാണ് മറ്റൊരു ആവശ്യം. ക്ഷേമനിധി പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാണ്. ഇത് എത്രയും വേഗം പുനസംഘടിപ്പിക്കണം. ക്ഷേമ നിധി അംഗങ്ങളായ തൊഴിലാളികൾക്ക് കുറഞ്ഞത് 5000 രൂപ പെൻഷൻ അനുവദിക്കണം. നിർമാണ മേഖലയിലെ സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ തിരികെ ഏല്പിക്കണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു. 25,000 കോടി രൂപ ഈ ഇനത്തിൽ പിരിച്ചെടുക്കാനുണ്ടെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച്, കൃത്യമായ സേവന വേതന വ്യവസ്ഥകളോടെയുള്ള സ്ഥിരം നിയമനം ഉറപ്പാക്കണം. തൊഴിൽ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റമാക്കണം. തൊഴിൽ സ്ഥിരതയും വേതനവും സുരക്ഷിതത്വവുമില്ലാത്ത തൊഴിലിടമായി കെഎസ്ആർടിസി മാറി. ഈ പൊതുമേഖലാ സ്ഥാപനത്തെ അടിയന്തിരമായി പുനഃസംഘടിപ്പിക്കണം.
തൊഴിലുറപ്പ് തൊഴിലവസരം കൂട്ടുകയും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുകയും വേണം. പിഎഫിന്റെയും ഇഎസ്ഐയുടെയും ശമ്പള പരിധി എടുത്തുകളഞ്ഞ് മുഴുവൻ ജീവനക്കാർക്കും അതിന്റെ പ്രയോജനം ഉറപ്പ് വരുത്തണം. കുറഞ്ഞ ഇപിഎഫ് പെൻഷൻ 9,000 രൂപയാക്കി ഉയർത്തണമെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.
ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ എന്നിവരും പങ്കെടുത്തു.