സമസ്ത നേതാവിനെതിരെ മന്ത്രി അബ്ദുറഹിമാൻ; ഇനിയും പ്രസ്താവന തുടർന്നാൽ നടപടിയെടുക്കും
തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹിമാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശമെന്ന് ചോദിച്ച മന്ത്രി, ഇനിയും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നൽകി. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണം. അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രസ്താവന തെറ്റാണ്. ഇതിനുമുമ്പും ഫൈസി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ചില മുസ്ലിം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മതസൗഹാർദത്തിന് വിലങ്ങുതടിയായി ചിലർ നിൽക്കുകയാണ്. ഏതു വിഭാഗങ്ങൾ ഇത് ചെയ്താലും നടപടി എടുക്കുമെന്നും മന്ത്രി വിശദമാക്കി.
അതേസമയം, ക്രിസ്ത്യൻ മതവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുകൾ പഠിക്കുകയും ഇവ നല്ല രീതിയിൽ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ്. റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലോളി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതുപോലെ തന്നെ ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ടും നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം വിളിച്ചു ചേർക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നായി കണ്ടുകൊണ്ട് ഇവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.