ബെയ്‌ലി പാലം വഴിയുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മന്ത്രി കെ രാജന്‍
കല്‍പറ്റ: ബെയ്‌ലി പാലം വഴി ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. തിങ്കളാഴ്ച മുതല്‍ രാവിലെ ആറു തൊട്ട് ഒമ്പത് വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. കൂടുതല്‍ ആളുകള്‍ എത്തുന്നത് തിരച്ചിലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. കാണാതായവരുടെ പട്ടിക തയാറാക്കുന്നതും പ്രധാന ദൗത്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഉരുള്‍ പൊട്ടല്‍ തകര്‍ത്തെറിഞ്ഞ മുണ്ടക്കെയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം ഏഴാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറില്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരും. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തിരച്ചില്‍ തുടരുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്.
തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്നലെ സര്‍വമത പ്രാര്‍ഥനയോടെ പുത്തുമലയില്‍ സംസ്‌കരിച്ചു. ഉരുള്‍പൊട്ടലില്‍ 352 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 209 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജൂലൈ 30ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മേപ്പാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. 2.30ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചൂരല്‍മലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു.