മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എതെങ്കിലും നടനെ ഒതുക്കിയതായി തനിക്ക് അറിയില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി അറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനില്‍ അഭിനയിക്കുന്നവരെ വിലക്കാനാകില്ല. ചാനലുകളാണ് സീരിയലിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സീരിയലുകളില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥന്മാരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാര്‍ഗറ്റ് ചെയ്യും. മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. നേരത്തെ 15 പേരടങ്ങുന്ന പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്ന പരാമര്‍ശം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇതിന് പിന്നാലെ തിലകനെ വിലക്കിയതില്‍ ഉള്‍പ്പടെ ഈ പവര്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാറിനെതിരെയും വിനയന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.