For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്ന് മന്ത്രി ഒ ആര്‍ കേളു

02:51 PM Jan 14, 2025 IST | Online Desk
വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്ന് മന്ത്രി ഒ ആര്‍ കേളു
Advertisement

കല്‍പറ്റ: വയനാട് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന വയനാട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണ്. വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു.

അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെത്തിയ ബേലൂര്‍ മഖ്‌നയുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിന് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ആനത്താരകളിലെ നിരീക്ഷണം, രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. നോര്‍ത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആര്‍.ആര്‍.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്തണം.

ജില്ലയിലെ വന്യമൃഗ സംഘര്‍ഷത്തിന് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ബീറ്റ് ഫോറസ്റ്റ് ഉദ്യോര്‍ഗിഥികളെ അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. വനമേഖലയില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞക്കാടുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനും കര്‍ശന നിര്‍ദേശം നല്‍കി. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ആശ്വാസ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ അനാസ്ഥ പാടില്ലെന്നും നടപടികള്‍ വേഗത്തിലാക്കാനും യോഗം അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സൂരജ് ബെല്‍ ഐ.എഫ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.