Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസപ്പടിയിൽ അന്വേഷണം;
മന്ത്രി പി. രാജീവും കുരുക്കിൽ

12:20 AM Jan 14, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കൊച്ചിയിലെ കരിമണൽ കമ്പനി സിആർഎംഎല്ലിൽ നിന്ന്  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം മാസപ്പടി വാങ്ങിയ കേസിൽ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പുറമേ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും (കെഎസ്ഐഡിസി)
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും അന്വേഷണം നടത്തും. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സിയായ എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

Advertisement

അതേസമയം, സ്വകാര്യ കരിമണൽ കമ്പനിക്ക് കോടികളുടെ ലാഭം ഉണ്ടാക്കാനായി പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി ക്രമക്കേട് നടത്തിയെന്ന വിവരം പുറത്തുവന്നതോടെ വ്യവസായ മന്ത്രി പി. രാജീവും അന്വേഷണക്കുരുക്കിലായി.
മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ പണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നേരത്തെ വിജിലൻസിന് നൽകിയ പരാതിയിൽ, തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സംസ്ഥാന അന്വേഷണ ഏജൻസിക്കും കേന്ദ്രസർക്കാരിന്റെ അന്വേഷണം തിരിച്ചടിയായി. ഇതിനിടെ, സ്വർണ കള്ളക്കടത്ത് നടന്നത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പ്രഖ്യാപിച്ചിട്ടും അതിൻമേൽ ഒരന്വേഷണവും നടത്താത്ത കേന്ദ്ര സർക്കാരും പിണറായി വിജയനും തമ്മിലുള്ള അന്തർധാരയിൽ ഈ അന്വേഷണവും അഡ്ജസ്റ്റ്മെന്റായി മാറുമെന്ന ആരോപണമുയർത്തി പ്രതിപക്ഷം രംഗത്തുവന്നു.

മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. 

സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾക്ക് മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്ഐ‍ഡിസി എന്നീ സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീണ വിജയന്‍റെ കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വ്യകതമായതോടെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കി സിഎംആര്‍എല്ലും, മറുപടി പോലും നല്‍കാന്‍ തയ്യാറാകാതെ കെഎസ്ഐഡിസിയും ഒഴിഞ്ഞുമാറുകയായിരുന്നു.

വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷ്യൻസും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്നായിരുന്നു ആദായ നികുതി തർക്ക പരിഹാര ബോർഡിന്‍റെ കണ്ടെത്തല്‍. കൺസൽട്ടൻസി, ഐടി, സേവനങ്ങൾ നല്‍കുന്നതിനായി സിഎംആർഎലുമായി എക്സാലോജിക്ക് കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരമുള്ള സേവനങ്ങളൊന്നും നല്‍കാതെ തന്നെ മാസം തോറും സിഎംആർഎല്ലില്‍ നിന്ന് വീണയും എക്സാലോജിക്കും പണം കൈപറ്റിയെന്ന് കണ്ടെത്തിയത്.

2016-ല്‍ ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങള്‍ക്കായും, 2017-ല്‍ സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായും രണ്ട് കരാറുകളാണ് ഇരുകമ്പനികളും തമ്മിലുള്ളത്. ഇതനുസരിച്ച് വീണയ്ക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം മൂന്നു ലക്ഷവുമാണ് സിഎംആർഎല്‍ നല്‍കേണ്ടിയിരുന്നത്. ഇത്തരത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായി ആകെ 1.72 കോടി രൂപ സിഎംആർഎല്‍ കൈമാറിയിട്ടുണ്ട്. വീണയ്ക്ക് 55 ലക്ഷവും, എക്സാലോജിക്കിന് ഒരു കോടി 17 ലക്ഷവുമാണ് ലഭിച്ചത്. എന്നാൽ നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്.  

എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും.

Advertisement
Next Article