മന്ത്രി രാജേഷ് സ്പീക്കര്‍ കളിക്കണ്ട; പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നോക്കണ്ടെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: വിദ്യാര്‍ഥി കുടിയേറ്റ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമര്‍ശനത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ധിക്കാരത്തോടെ പ്രതിപക്ഷ നേതാവ് വിരല്‍ ചൂണ്ടി സംസാരിച്ചെന്ന് ആര്‍. ബിന്ദു ആരോപിച്ചു.
മന്ത്രി ആര്‍. ബിന്ദുവിന്റെ ആരോപണം ഏറ്റുപിടിച്ചാണ് മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യവും പുച്ഛവുമാണ് മന്ത്രി രാജേഷ് സഭയില്‍ ആരോപിച്ചു.മന്ത്രിമാരായ എം.ബി. രാജേഷിനും ആര്‍. ബന്ദുവിനും ചുട്ടമറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. മന്ത്രി രാജേഷ് സ്പീക്കര്‍ കളിക്കേണ്ടെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയും വിരല്‍ ചൂണ്ടി വിമര്‍ശിക്കേണ്ടി വന്നാല്‍ വിമര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യൂ. അവിടെ കുത്തിയ ചാപ്പ ഇവിടെ കുത്തേണ്ട. ആ രക്ഷാപ്രവര്‍ത്തനം ഇവിടെ വേണ്ട. എക്‌സൈസ് വകുപ്പിനെ വിമര്‍ശിച്ച ശേഷം മന്ത്രി രാജേഷ് വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നുവെന്നും വി.ഡി. സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ എന്‍. ഷംസീര്‍ ഭരണപക്ഷത്തിനും തിരുത്തലാവാമെന്ന് വ്യക്തമാക്കി. ആരോഗ്യകരമായ സമീപനം എല്ലാവര്‍ക്കും വേണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ ചെറുപ്പാക്കാരുടെ വിദേശത്തേക്കുള്ള കുടിയേറ്റമാണ് മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുന്നത്. കേരളത്തില്‍ നിന്ന് ഒരു തലമുറ മുഴുവന്‍ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്‌നമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി കുഴല്‍നാടന്‍ പറഞ്ഞു. ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് നമ്മള്‍ നേടാന്‍ പോകുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. 'ലോകം മുഴുവന്‍ നീ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം' എന്ന് ബൈബിളില്‍ ഒരു വാചകമുണ്ട്. വാര്‍ധക്യത്തില്‍ മക്കളുടെ സാന്നിധ്യമില്ലാത്ത മാതാപിതാക്കള്‍ക്കാണ് അതിന്റെ വിഷമം മനസിലാകൂ.വേണമെങ്കില്‍ എല്ലാം ഭദ്രമാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാര്‍ നാട്ടില്‍ നില്‍ക്കാതെ പോയാല്‍ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറും. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു