ന്യൂനപക്ഷങ്ങൾ ഇടതു പാർട്ടികളെ വിശ്വസിക്കരുത്: സി.പി ജോൺ, സിപിഎം ബിജെപിയുമായി ഒത്തുകളിക്കുന്നു
തിരുവനന്തപുരം: മുസ്ലീങ്ങളെ കബളിപ്പിച്ച് നേട്ടം കൊയ്യാനാണ് സിപിഎം എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് സിഎംപി നേതാവ് സി.പി ജോണ്‍. ഒരു കാരണവശാലും ന്യൂനപക്ഷങ്ങള്‍ ഇടത് പാര്‍ട്ടികളെ വിശ്വസിക്കരുതെന്നും മതം ഉപയോഗിച്ച് ബിജെപി വോട്ട് തേടാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി.പി ജോൺ ചൂണ്ടിക്കാട്ടി.
മുസ്ലീം വിഷയങ്ങളില്‍ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. ശരിഅത്ത് വിഷയത്തിലും ഷാബാനു വിഷയത്തിലും സിപിഎമ്മിന് നിലപാടില്ലായിരുന്നു. രാജീവ് ഗാന്ധി കൊണ്ടു വന്ന നിയമം പിന്തിരിപ്പനെന്നായിരുന്നു അക്കാലത്ത് സിപിഎം വാദം. അത്യന്തം പുരോഗമന നിയമങ്ങളായിരുന്നു അത്. ബിജെപിക്ക് ഒപ്പം നിന്ന് ഒന്നാം യുപിഎ സര്‍ക്കാരിനെ അട്ടിമറിച്ചവരാണ് സിപിഎം. പ്രകാശ് കാരാട്ടാണ് അതിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷക പാര്‍ട്ടിയെന്ന് വീമ്പിളക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം കാര്‍ഷിക പ്രശ്‌നങ്ങളില്‍ മാപ്പുസാക്ഷിയായി നില്‍ക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനാവുന്നില്ലെങ്കില്‍ അവരുടെ പ്രസക്തി എന്താണ്. അവര്‍ വിട്ടുപോയപ്പോഴത്തെ ആഘാതത്തില്‍ നിന്ന് യുഡിഎഫ് കരകയറിയെന്നും സി.പി ജോൺ വ്യക്തമാക്കി.