എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ സി.പി.എം റെഡ് വാളന്റീയര്‍മാര്‍ മര്‍ദിച്ചെന്ന് മകള്‍ ആശ
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതുമായി സംബന്ധിച്ച തര്‍ക്കവും കൈയാങ്കളിയുമായും ബന്ധപ്പെട്ട് മകള്‍ ആശ ലോറന്‍സ് പരാതി നല്‍കി. കൊച്ചി കമീഷണര്‍ക്കാണ് പരാതി നല്‍കിയത്. പിതാവിന്റെ പൊതുദര്‍ശനത്തിനിടെ വനിതകളടങ്ങിയ സി.പി.എം റെഡ് വാളന്റീയര്‍മാര്‍ തന്നെയും മകനെയും മര്‍ദിച്ചെന്ന് ആശ പരാതിയില്‍ ആരോപിക്കുന്നു.
റെഡ് വാളന്റീയര്‍മാര്‍ മര്‍ദിക്കുന്നതിന് ബന്ധുക്കള്‍ കൂട്ടുനിന്നു. തനിക്കും മകനും സാരമായ പരിക്കുപ്പറ്റി. ശരീരവേദന ഇനിയും മാറിയിട്ടില്ല. സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മോഹനനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.
കൂടാതെ, സഹോദരന്‍ അഡ്വ. എം.എം സജീവനെതിരെയും സഹോദരി സുജാതയുടെ ഭര്‍ത്താവ് ബോബനെതിരെയും ആശ രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കുന്നതിന് സജീവനും ബോബനും കൂട്ടുനിന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ആശ ലോറന്‍സിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും എറണാകുളം നോര്‍ത്ത് പൊലീസിനെ കൈമാറിയിട്ടുണ്ടെന്നും കമീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു.
മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം കൈയാങ്കളിയിലാണ് കലാശിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊതുദര്‍ശന നഗരിയില്‍ രാവിലെ മുതല്‍ ഉണ്ടായിരുന്ന മകള്‍ ആശ ലോറന്‍സ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത് തടയണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കോടതി അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജിനോട് നിര്‍ദേശിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. ലോറന്‍സിന്റെ മറ്റ് രണ്ട് മക്കള്‍ പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ സമ്മതപത്രം നല്‍കിയിരുന്നു.വൈകീട്ട് മൂന്നരയോടെ മൃതദേഹം മാറ്റാന്‍ തയാറെടുക്കുന്നതിനിടെ ആശ മൃതദേഹമടങ്ങിയ പേടകത്തില്‍ കെട്ടിപ്പിടിച്ച് കിടന്നു. ഒപ്പം ആശയുടെ മകന്‍ മിലനും ചേര്‍ന്നു. ഇതിനിടെ സി.പി.എം വനിതാ പ്രവര്‍ത്തകര്‍ ലോറന്‍സിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ആശ സി.പി.എമ്മിനെതിരെ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ആശയെയും മകനെയും ബലമായി മാറ്റിയാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്. ആശക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും മരിച്ചാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ പിതാവ് തന്നോട് പങ്കുവെച്ചിരുന്നുവെന്നും മകന്‍ അഡ്വ.എം.എല്‍. സജീവന്‍ പറഞ്ഞു. മരണശേഷമുള്ള കാര്യങ്ങള്‍ കുടുംബമാണ് നോക്കേണ്ടതെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.