Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ സഖ്യത്തെ നരേന്ദ്ര മോദിക്കു ഭയമുണ്ട്,
പ്രതിരോധിക്കാൻ കൃത്രിമം നടന്നേക്കാം: കൊടിക്കുന്നിൽ

11:21 AM Mar 04, 2024 IST | Rajasekharan C P
Advertisement

കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവും ലോക്സഭയിലെ ചീഫ് വിപ്പും കെപിസിസി വർക്കിഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷുമായി ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം.

Advertisement

? ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം 400 സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞല്ലോ. കോൺഗ്രസിന്റെ ചീഫ് വിപ്പ് എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി രാഷ്‌ട്രീയം പറഞ്ഞത്. ഇതുവരെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത നടപടിയാണത്. അമിതമായ ആത്മവിശ്വാസമല്ല, ഓരോ ദിവസം കഴിയുന്തോറും ശക്തമാകുന്ന ഇന്ത്യാ സഖ്യത്തെ പ്രതിരോധിക്കാനുള്ള കുതന്ത്രമാണത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ നിയമനം പോലും വരുതിയിലാക്കുകയും ചെയ്ത നരേന്ദ്ര മോദിയും ബിജെപിയും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള സാധ്യത പോലും സംശയിക്കണം.
?കേരളത്തിൽ ബിജെപി ഇക്കുറി ഇരട്ടയക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും നല്ല തമാശ. അവർക്കു കഴിഞ്ഞ തവണത്തേതിലും കുറച്ച് വോട്ടുകൾ മാത്രമേ ലഭിക്കൂ. സിപിഎമ്മുമായി ചേർന്നുള്ള വോട്ട് കച്ച‌വടത്തിന്റെ സാധ്യതയുടെ ഭാഗമാണ് ബിജെപിയുടെ സ്ഥാനാർഥിനിർണയം. പാർട്ടിയിൽ ഉന്നത സ്ഥാനം വഹിച്ചവരെയും പ്രധാന നേതാക്കളെയും തഴഞ്ഞ്, അരാഷ്ട്രീയവാദികളെയും ചലച്ചിത്ര താരങ്ങളെയും രണ്ടാം നിരക്കാരെയും ആശ്രയിച്ചാണ് ഇക്കുറി അവർ സ്ഥാനാർഥികളെ നിശ്ചയിച്ചത്. ബിജെപി ഇപ്പോഴേ അവരുടെ പരാജയം സമ്മതിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
? കേരളത്തിൽ എൻഡിഎ ആണോ എൽഡിഎഫ് ആണോ മുഖ്യശത്രു.
രണ്ടു പേരും തുല്യശത്രുക്കളാണ്. കോർപ്പറേറ്റുവൽക്കരണത്തിലൂടെ ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അഴിമതി സാർവത്രികമാക്കി ഭരണത്തിന്റെ സുഖം ആവോളം ആസ്വദിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി. രണ്ടിലും ജനങ്ങൾ മടുത്തു. അവരുടെ ഏക പ്രതീക്ഷയാണ് കോൺഗ്രസും യുഡിഎഫും. ഈ പ്രതീക്ഷ സഫലമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
?യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകി എന്നു തോന്നുന്നുണ്ടോ.
ഒട്ടും വൈകിയിട്ടില്ല. സഖ്യകക്ഷികൾക്ക് നൽകിയ സീറ്റുകളിൽ അവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങി. കോൺഗ്രസിൽ 15 സിറ്റിംഗ് എംപിമാർ പ്രചാരണത്തിലാണ്. അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണ്. കേരളത്തിലെ കാര്യം മാത്രമല്ല പാർട്ടി നേതൃത്വത്തിനു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വിശാലമായ കൂടിയാലോചനകളും ചർച്ചകളും നടക്കേണ്ടതുണ്ട്. അതെല്ലാം പൂർത്തിയാക്കി ഈ ആഴ്ചയിൽത്തന്നെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതു കഴിയുന്നതോടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഉച്ചസ്ഥായിയിലെത്തും.
? പ്രവർത്തക സമിതി ക്ഷണിതാവ്, ചീഫ് വിപ്പ് തുടങ്ങിയ നിലകളിൽ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോകുമോ.
ഒരുപാടു നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. കൂട്ടുത്തരവാദിത്വവുമുണ്ട്. എല്ലാവരും ഈ ഉത്തരവാദിത്വം ഏറ്റെടുക്കും.
? ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എത്ര സീറ്റുകൾ വരെ നേടും.
മുഴുവൻ സീറ്റുകളിലും യുഡിഎഫ് വൻവിജയം നേടും. ഏതു സാഹചര്യത്തിലാണ് ജനങ്ങൾ മറ്റു മുന്നണികളെ സ്വീകരിക്കുക. 75 വർഷമായി നിലനിൽക്കുന്ന മതേതര ജനാധിപത്യ മുഖശ്രീയാണ് ബിജെപി ഭരണകൂടം വികൃതമാക്കുന്നത്. ഒരു തവണ കൂടി അവർക്ക് അവസരം കിട്ടിയാൽ നമ്മുടെ ഭരണഘടന തന്നെ ഇല്ലാതാകും. മതേതര സംസ്കാരത്തിനു പകരം മതാധിഷ്ഠിത ഭരണസംവിധാനം വരും. അത് മത ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും അതീവ ഗുരുതരമായി ബാധിക്കും. അതേക്കുറിച്ചു ജനങ്ങൾക്ക് അവബോധമുണ്ട്. അഴിമതി സാർവത്രികമാക്കിയ സംസ്ഥാന സർക്കാരിനെതിരേ അവസരം നോക്കിയിരിക്കുകയാണ് ജനങ്ങൾ. ഈ തെരഞ്ഞെടുപ്പ് അതിനുള്ള മറുപടി കൊടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതെല്ലാം യുഡിഎഫിന് അനുകൂലമാണെന്നു നിസംശയം പറയാം.

Advertisement
Next Article