മോദി പരിശ്രമിക്കുന്നു, ഒരു കുടുംബത്തിന്റെ ആസ്തി കൂട്ടാൻ
"കോൺഗ്രസ് പരിശ്രമിക്കുന്നത് ഒരു കുടുംബത്തിനു വേണ്ടിയാണ്. ആ കുടുംബത്തിനു വേണ്ടി അവർ രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നു." പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ചെയ്ത പ്രസംഗത്തിലെ ചില വാചകങ്ങളാണിത്. അഞ്ചു തലമുറകളായി, ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും രാഷ്ട്ര സേവനത്തിനു വിട്ടു കൊടുത്ത അലഹാബാദിലെ ആനന്ദ ഭവനെക്കുറിച്ചായിരുന്നു മോദിയുടെ പരാമർശം.
സ്വാതന്ത്ര്യ സമര പോരാളി മോത്തിലാൽ നെഹ്റു, രാഷ്‌ട്ര ശില്പി ജവഹർലാൽ നെഹറു, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി, ഡിജിറ്റൽ ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധി, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന രാഹുൽ ഗാന്ധി തുടങ്ങിയവരടങ്ങുന്നതാണ് ഈ കുടുംബം. രാഷ്ട്രത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച രണ്ടു പേരുണ്ട്, ഈ തറവാട്ടിൽ- ഇന്ദിരാ പ്രിയദർശിനിയും രാജീവ് ഗാന്ധിയും. അതിന്റെയൊക്കെ കണക്കെടുത്താൽ ഈ രാജ്യവും ജനതയും എന്തു തന്നെ തിരികെ നൽകിയാലും ഒന്നുമാകില്ല. രാഷ്ട്ര സേവനമല്ലാതെ ഇവർക്കു മറ്റൊരു പണിയുമില്ലായിരുന്നു എന്നു കൂടി ഓർക്കണം.
എന്നാൽ നരേന്ദ്ര മോദിക്കോ? ഈ രാജ്യ നിർമിതിയിൽ മോദിക്കോ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർക്കോ എന്തു പങ്കാണുള്ളത്?
മോദി ഭരിക്കുന്നത് ഗൗതം അദാനി, റിലയൻസ് അംബാനി തുടങ്ങിയവർക്കു വേണ്ടിയാണെന്ന് അറിയാത്തവരില്ല. അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്താൻ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾ മുടക്കുന്നതു കോടികളാണ്. അതുവഴി മോദിയുടെ വലംകൈയായി പ്രവർത്തിക്കുന്ന അമിത് ഷായുടെ കുടുംബവും.
2016ൽ രണ്ട് ഓഹരികൾ പണയം വച്ച് വാങ്ങിയ 25 കോടി രൂപ മുടക്കിയാണ് അമിത് ഷായുടെ മകൻ ജയ് ഷാ ബിസിനസ് രംഗത്ത് പച്ച പിടിക്കാൻ തുടങ്ങിയത്. എട്ടു വർഷം കൊണ്ട് അതു വളർന്ന് 3,821.2 കോടി രൂപയായി. 57 സ്റ്റോക്കുകളിൽ ജയ് ഷായ്ക്കു നിക്ഷേപമുണ്ട്. അതിൽ നല്ല പങ്കും അദാനി ഗ്രൂപ്പിലും റിലയൻസിലും. ബിസിസിഐയുടെ സെക്രട്ടറി എന്ന നിലയിൽ പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം വേറേ. അമിത് ഷായുടെ സ്വാധീനവും സമ്പത്തും ഉപയോഗിച്ചാണ് ബിസിസിഐയുടെ തലപ്പത്ത് മകനെത്തിയത്.
മക്കളുടെ മാത്രമല്ല, അമിത് ഷായുടെ സമ്പത്തും പെരുകുകയാണ്. 2019ൽ 30.98 കോടി രൂപയാണ് അമിത് ഷായ്ക്ക് ഉണ്ടായിരുന്നത്. 2023ൽ 42.98 കോടിയായി വളർന്നു. ഇപ്പോഴത് 50 കോടി കടന്നിട്ടുണ്ടാകും. ഷായുടെ പേരിലുള്ള ചില വസ്തുവകകളുടെ കാര്യം കൂടി പറയാം. രണ്ടു വീടുകളുടെ മാത്രം വിസ്തീർണം 12,000 ചതുരശ്ര അടി, ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് സമുച്ചയങ്ങളും ചേർത്ത് 75,000 ചതുരശ്ര അടി കെട്ടിടങ്ങൾ, പതിനായിരത്തിലധികം ഏക്കർ ഭൂമി. ഭാര്യയുടെയും മക്കളുടെയും പേരിലുമുണ്ട് വലിയ ആസ്തികൾ.
അതേ സമയം, മോദി പറഞ്ഞ ആനന്ദ് ഭവൻ തറവാടിന്റെ സ്വത്ത്, 1950ൽ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നു പോലും വരില്ല. ബാക്കിയൊക്കെയും ആ കുടുംബം രാഷ്ട്ര സേവനത്തിനായി വിട്ടു നല്കിയ സമ്പത്താണ്.
ഇനി പറയൂ, ആരാണ് രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നത്?