വയനാടിന് കൈത്താങ്ങായി മോഹന്‍ലാലും: 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
കൊച്ചി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന്‍ മോഹന്‍ലാലും. 25 ലക്ഷം രൂപയാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. 2018 പ്രളയകാലത്തും നടന്‍ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവര്‍ത്തകരേയും അഭിനന്ദിച്ച് നേരത്തെ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. 'വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തികള്‍ക്കും എന്റെ സല്യൂട്ട്. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുന്‍നിരയിലുള്ള എന്റെ 122 ഇന്‍ഫാന്‍ട്രി ബറ്റാലിയനും നന്ദി' - മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.
അതിനിടെ, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 339 ആയി. ദുരന്തത്തില്‍പ്പെട്ട 284 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരില്‍ 29 പേര്‍ കുട്ടികളാണ്. ചാലിയാറില്‍ നിന്ന് 172 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 133 ശരീരഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തി. 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ആകെ 119 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
207 മൃതദേഹങ്ങളുടെയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 62 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിനും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ 27 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കും കൈമാറിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 74 മൃതദേഹങ്ങളും തിരിച്ചറിയാത്ത ശരീരഭാഗങ്ങളും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
ദുരന്തത്തില്‍പ്പെട്ട 273 പേരെയാണ് വിവിധ ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 84 പേര്‍ ചികിത്സയിലുണ്ട്. 187 പേര്‍ ആശുപത്രി വിട്ടു. അതിനിടെ, പടവെട്ടിക്കുന്നിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ കണ്ടെത്തി. ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീടിനുള്ളില്‍ കണ്ടെത്തിയത്.