അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും
തിരുവനന്തപുരം: അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റാവുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്.
കാല്‍നൂറ്റാണ്ടായ അമ്മയുടെ വിവിധ ഔദ്യോഗിക പദവികളില്‍ തുടരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജുപിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂണ്‍ 3 മുതല്‍ സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 30നാണ് സംഘടനയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്.
സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകുമെന്നാണ് സൂചന. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍ഷുറന്‍സിനും പ്രവര്‍ത്തനച്ചെലവിനും ഉള്‍പ്പെടെ 3 കോടി രൂപയെങ്കിലും സംഘടന പ്രതിവര്‍ഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങള്‍ക്ക് നിലവില്‍ അമ്മ കൈനീട്ടം നല്‍കുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. താരനിശകള്‍ ഉള്‍പ്പെടെ നടത്തിയാണു പിടിച്ചുനില്‍ക്കുന്നത്. സാമ്പത്തിക വരുമാനം ഉയര്‍ത്താന്‍ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇക്കുറിയുണ്ടാകുമെന്നാണു സൂചന.