For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മോഹന്‍ലാലിന്റെ 'നേര്' വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും

04:57 PM Dec 20, 2023 IST | Online Desk
മോഹന്‍ലാലിന്റെ  നേര്  വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും
Advertisement

കൊച്ചി : മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് തൃശൂര്‍ സ്വദേശിയും തിരക്കഥാകൃത്തുമായ ദീപു കെ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മോഹന്‍ലാല്‍, സംവിധായകന്‍ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹര്‍ജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.

Advertisement

മൂന്ന് വര്‍ഷം മുമ്പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് ജീത്തു ജോസഫുമായും ശാന്തി മായാദേവിയുമായും താന്‍ ഈ കഥ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും അന്ന് തിരക്കഥയുടെ പകര്‍പ്പ് ഇരുവരും വാങ്ങിയെന്നും ദീപുവിന്റെ ഹര്‍ജിയില്‍ പറയുന്നു. മോഹന്‍ലാലിന്റെ ഡേറ്റ് ലഭിച്ചു കഴിഞ്ഞാല്‍ തന്നെ അറിയിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.

ട്വല്‍ത്ത് മാന്‍ എന്ന ത്രില്ലര്‍ ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 33 മത് നിര്‍മാണ ചിത്രംകൂടിയാണിത്. മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, ശാന്തി മായാദേവി, അനശ്വര രാജന്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Author Image

Online Desk

View all posts

Advertisement

.