നവകേരള സദസിൽ മന്ത്രിയുടെ സാമ്പത്തിക തട്ടിപ്പിനെതിരേ മുഖ്യമന്ത്രിയോടു പരാതിയുമായി യൂസുഫ്
കോഴിക്കോട്: നവകേരള സദസിൽ പങ്കെടുക്കുന്ന ഒരു മന്ത്രിക്കെതിരേ ലഭിച്ച പരാതി കണ്ട് വട്ടം കറങ്ങുകയാണ് അധികൃതർ. ഈ പരാതിക്ക് എങ്ങനെ തീർപ്പുണ്ടാക്കുമെന്നറിയാതെ അവർ വലയുന്നുൂ. ഇന്നു നടന്ന വടകര നവകേരള സദസിലാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.