തകഴിയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ: തകഴിയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് ജനിച്ചപ്പോള്‍ കരഞ്ഞിരുന്നുവെന്ന് മാതാവ് ഡോണ ജോജി പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്‍കി. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചുവെന്ന മാതാപിതാക്കളുടെ മൊഴിയെ പ്രതിരോധത്തിലാക്കുന്നതാണ് ഡോക്ടറുടെ മൊഴി. മാത്രമല്ല, കുഞ്ഞിന്റെ മാതാവ് ഡോണ നേരത്തെ ഗര്‍ഭം ഛിദ്രം നടത്താന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇതിനായി ഗുളികകള്‍ കഴിച്ചിരുന്നതായും ഈ ശ്രമം പരാജയപ്പെടുകയാണെണ്ടായതെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞു.
കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22), തകഴിവിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സഹായി തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനി ജോസഫ് സദനത്തില്‍ അശോക് ജോസഫ് (30) എന്നിവരെ റിമാന്‍ഡ് ചെയ്തതിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് മജിസ്‌ട്രേറ്റ് എത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്.
ഈമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. പൂച്ചാക്കല്‍ സ്വദേശിനിയായ ഡോണ പുലര്‍ച്ചയാണ് പ്രസവിച്ചത്. പകല്‍ മറ്റാരും കാണാതെ മുറിയില്‍ സൂക്ഷിച്ചു. അര്‍ധരാത്രിയോടെ ബൈക്കില്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്ത് തോമസും സുഹൃത്തും കുഞ്ഞിനെ കൊണ്ടുപോയി തകഴി കുന്നുമ്മ വണ്ടേപ്പുറം പാടശേഖരത്തില്‍ കുഴിച്ചിടുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് പ്രസവ വിവരം പുറത്താകുന്നത്. തുടര്‍ന്ന് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കേസില്‍ രണ്ടുപേര്‍ കൂടി ഉണ്ടെന്ന് വ്യക്തമായത്.
ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ പൊളിത്തീന്‍ ബാഗിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെന്നും ഇല്ലെന്നും കരഞ്ഞെന്നും പിന്നീട് കരഞ്ഞില്ലെന്നും മാറ്റിപറഞ്ഞ ഡോണയുടെ മൊഴിയില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ മരിച്ചിരുന്നെന്നാണ് തോമസിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കാര്യങ്ങളില്‍ കുറേകൂടി വ്യക്തത വരൂവെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ഫോറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞ ഡോണ കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലെ പഠനക്കാലത്താണ് തോമസ് ജോസഫുമായി അടുപ്പത്തിലാവുന്നത്.