പ്രവാസികളുടെ 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു
ദോഹ: ഗള്‍ഫില്‍നിന്ന് സാധാരണക്കാര്‍ അയച്ച 50 കണ്ടെയ്‌നറിലധികം സാധനങ്ങള്‍ ക്ലിയറന്‍സ് ലഭിക്കാതെ ഏപ്രില്‍ മുതല്‍ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഡോര്‍ ടു ഡോര്‍ രീതിയില്‍ കാര്‍ഗോ കമ്പനികള്‍ വഴി ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ അയച്ച ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് ഈ ബാഗേജുകളിലുള്ളത്.
ഒരു കണ്ടെയ്‌നില്‍ കുറെ ആളുകളുടെ സാധനങ്ങള്‍ അയച്ച് ഒന്നോ രണ്ടോ പേരുടെ പേരില്‍ ക്ലിയര്‍ ചെയ്യുകയാണ് വര്‍ഷങ്ങളായി ചെയ്തിരുന്നത്. കുറച്ച് സാധനങ്ങള്‍ അയക്കുന്ന ഓരോരുത്തരും നേരിട്ടെത്തി ക്ലിയര്‍ ചെയ്യുന്നത് ചെലവ് വര്‍ധിക്കുമെന്നതിനാലും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണമാണ് ഇങ്ങനെ കണ്‍സോള്‍ ചെയ്തിരുന്നത്. ഇതിന് പിഴയും സാധാരണ ക്ലിയറന്‍സിനേക്കാള്‍ ഡ്യൂട്ടി തുകയും അടക്കണം.
അത് അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ ബിസിനസ് ഈ രീതിയില്‍ വര്‍ഷങ്ങളായി നടത്തിയിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ കര്‍ശന നിലപാടാണ് കുരുക്കായത്. എന്നാല്‍, വര്‍ഷങ്ങളായി ചെയ്തിരുന്ന രീതിയില്‍ മാറ്റമുണ്ടാകുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കാര്‍ഗോ കമ്പനികള്‍ പറയുന്നു.അയച്ചു കഴിഞ്ഞ സാധനങ്ങളെങ്കിലും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തുടര്‍ന്നുള്ള ഇടപാടില്‍ അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥക്കനുസരിച്ച് നീങ്ങാമെന്ന് കമ്പനികള്‍ സമ്മതിക്കുന്നു.
ഉപഭോക്താക്കളില്‍നിന്നുള്ള കനത്ത സമ്മര്‍ദം ഇവര്‍ക്കുണ്ട്. വലിയ സാമ്പത്തിക ബാധ്യതയും ഇവരുടെ മേല്‍ വന്നുചേരുന്നു. കണ്ടെയ്‌നര്‍ കമ്പനികള്‍ക്ക് ഡെമറേജ് ഇനത്തില്‍ ലക്ഷങ്ങള്‍ നല്‍കണം. കസ്റ്റംസില്‍ കിടക്കുന്നതിനനുസരിച്ച് ഫീസും നല്‍കണം. 14 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിന്നീടുവരുന്ന ഓരോ ദിവസത്തിനും വലിയ തുക കപ്പല്‍ ഏജന്‍സികള്‍ക്ക് ഡെമറേജായി നല്‍കണം.20 അടി കണ്ടെയ്നറിന് 8,000 മുതല്‍ 15,000 രൂപ വരെ പ്രതിദിനം ഡെമറേജ് നല്‍കണം. 40 അടി കണ്ടെയ്നറിന് 10,000 മുതല്‍ 20,000 രൂപ വരെയാണ് ഡെമറേജ്. കൊച്ചിയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ലിയര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കിയാലും കമ്പനികള്‍ക്ക് നഷ്ടക്കച്ചവടമാണ്.
എന്നാല്‍, സാങ്കേതികക്കുരുക്ക് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നഷ്ടം സഹിച്ചും ക്ലിയറന്‍സ് പൂര്‍ത്തിയാക്കി സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. സമയം, വൈകുന്നതിനനുസരിച്ച് സാധനങ്ങള്‍ നശിക്കാന്‍ സാധ്യത ഏറുകയാണ്. ഗൃഹപ്രവേശം ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കായി അയച്ച സാധനങ്ങളും തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്.ചെന്നൈ, മുംബൈ, ഡല്‍ഹി തുറമുഖങ്ങളില്‍ നേരത്തെയുള്ള രീതിയനുസരിച്ച് ക്ലിയറന്‍സ് തുടരുന്നതായി കാര്‍ഗോ കമ്പനി പ്രതിനിധികള്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.