വയനാട്ടില്‍ കണ്ടെത്താനുള്ളത് ഇരുന്നൂറിലധികം പേരെ; ഇന്ന് തെരച്ചില്‍ 40 ടീമുകളെ ആറ് സോണുകളായി തിരിച്ച്
വയനാട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാറില്‍ നിന്ന് മാത്രം 172 മൃതദേഹങ്ങള്‍ കിട്ടി. ഇതില്‍ 153 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ട്. നൂറുകണക്കിനാളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.
ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ആറ് മേഖലകളാക്കി വേര്‍തിരിച്ചാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. അട്ടമല - ആറന്‍മല എന്നിവടങ്ങളാണ് ആദ്യ സോണിലുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും രണ്ടും മൂന്നും സോണുകളിലാണ്. നാലാം സോണ്‍ വെള്ളാര്‍മല വില്ലേജ് റോഡാണ്. ജി വി എച്ച് എസ് എസ് വെള്ളാര്‍മലയാണ് അഞ്ചാം സോണ്‍. ചൂരല്‍മലയുടെ അടിവാരമാണ് ആറാം സോണ്‍. ചൂരല്‍മഴയില്‍ കനത്ത മഴയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.
തെരച്ചിലില്‍ പൊലീസ്, സൈന്യം, എന്‍ഡിആര്‍ഫ്, കോസ്റ്റ്ഗാര്‍ഡ്, വനം നേവി സംഘങ്ങളും നാട്ടുകാരും പങ്കെടുക്കും. നാല് കഡാവര്‍ നായകളെക്കൂടി എത്തിക്കും. ബെയ്ലി പാലം സജ്ജമായിട്ടുണ്ട്. മദ്രാസ് റെജിമെന്റിലെ എന്‍ജിനിയറിംഗ് സംഘം വെറും നാല്‍പ്പത് മണിക്കൂര്‍ കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഭാരമേറിയ യന്ത്രസാമഗ്രികളും ആംബുലന്‍സുകളും അടക്കമുള്ളവ ഇതുവഴി എത്തിക്കും. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പാലം.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാദ്ധ്യതയില്ലെന്ന് കേരള കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് (ജി.ഒ.സി) മേജര്‍ ജനറല്‍ വി.ടി മാത്യു അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.