ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കണ്ണൂര്‍: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്കാണു റിപ്പോര്‍ട്ട് നല്‍കിയത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ ആര്‍.ടി.ഒ കേസെടുത്തിരുന്നു. 45,500 രൂപ പിഴയും ചുമത്തി. എന്നാല്‍ ആകാശിനെതിരെ നടപടി എടുത്തിട്ടില്ല.
കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്നാണു കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങള്‍ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണു കോടതി വ്യക്തമാക്കിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങള്‍ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.ഞായറാഴ്ചയാണ് സാധാരണ ടയറുകള്‍ക്ക് പകരം ഭീമന്‍ ടയറുകള്‍ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകള്‍ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേര്‍ത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് ആര്‍.ടി.ഒക്ക് പരാതി നല്‍കുകയായിരുന്നു.