ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാൻ നീക്കം - സെക്രട്ടേറിയറ്റ് അസോസിയേഷൻ
സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായാണ് പുതുക്കിയ നിർദ്ദേശങ്ങൾ
എന്ന് കേരള സെക്രട്ടേറിയറ്റ് അസാേസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.
നിയമനത്തിന് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. പുതിയ പദ്ധതി പ്രകാരം ആശ്രിത നിയമനം മരണമടയുന്ന ജീവനക്കാരൻ്റെ ആശ്രിതൻ്റെ അർഹതക്ക് വിചിത്രമായ പ്രായപരിധിയാണ് ഏർപ്പെടുത്തിയത്. ജീവനക്കാരൻ മരണമടയുമ്പോൾ ആശ്രിതർ 13 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് മാത്രമേ ഇനി ആശ്രിത നിയമനത്തിന് അർഹതയുണ്ടാകൂ. ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെയാണ് ജീവനക്കാരന് മരിക്കുവാൻ കഴിയുക. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥയെ നഖശിഖാന്തം എതിർക്കും. ജീവനക്കാരൻ്റെ മരണത്തിന് വിലയിടാനേ കഴിയില്ല. അതിനാൽ സമാശ്വാസ ധനം എന്ന വ്യവസ്ഥയും അംഗീകരിക്കില്ല.
നിർദ്ദിഷ്ട സീനിയോറിട്ടി ലിസ്റ്റ് സംബന്ധിച്ച് തികഞ്ഞ അവ്യക്തത നിലനിൽക്കുന്നു. നിശ്ചിത ടേൺ എന്നതിന് പകരം ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന നിലവിലുള്ള രീതി തുടരണം. വയസിൻ്റെ അടിസ്ഥാനത്തിലുള്ള മുൻഗണനയും അംഗീകരിക്കാവുന്ന മാനദണ്ഡമല്ല. പത്തിലൊന്ന് വച്ചുള്ള മുൻഗണന സീനിയോറിട്ടിയെ മറികടക്കുന്നതും മറ്റ് ഇടപെടലുകൾക്ക് വഴിവെക്കുന്നതുമാണ്.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം സീനിയോറിട്ടി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല. ഇത്തരത്തിൽ ഒട്ടേറെ അപാകതകൾ കടന്നു കൂടിയതാണ് കരട് നിർദ്ദേശങ്ങളെന്ന് അസോസിയേഷൻ അറിയിച്ചു. വരുമാന പരിധി വർധിപ്പിച്ചും കൂടുതൽ ക്ലാസ് 4. ക്ലാസ് 3 കാറ്റഗറികൾ ഉൾപ്പെടുത്തിയും ആശ്രിത നിയമന പദ്ധതി തുടരണമെന്ന് പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും ആവശ്യപ്പെട്ടു.