Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നരേന്ദ്രമോദി അധികാരം നേടാനുള്ള ഉപകരണമാക്കി ഹിന്ദുമതത്തെ മാറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

11:21 AM Feb 08, 2024 IST | Online Desk
Advertisement

കോഴിക്കോട്: ഹിന്ദുമതത്തെ രാഷ്ട്രീയ അധികാരം നേടാനുള്ള ഉപകരണമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഗസ്റ്റിന്‍ തെക്കന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ജനുവരി 22 ഇന്ത്യയെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമാണ്. മതേതര ഇന്ത്യക്ക് കളങ്കം ചാര്‍ത്തിയും, നിര്‍മാണം പൂര്‍ത്തിയാക്കാതെയും, ഹൈന്ദവ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് വിശ്വാസത്തിന് എതിരാണെന്നാണ് നാല് മഠാധിപതികള്‍ തന്നെ പറഞ്ഞത്.

Advertisement

ആചാര്യന്മാരെ നോക്കുകുത്തിയാക്കി ഭക്തിയുടെ ഉന്മാദമാണ് അവിടെ നടന്നത്. ഒരു മതത്തിന്റെ യജമാനനും കര്‍മിയുമായി പ്രവര്‍ത്തിക്കേണ്ടയാളല്ല പ്രധാനമന്ത്രി. സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതിയായി പോകരുത് എന്ന് രാജേന്ദ്ര പ്രസാദിനോട് പറഞ്ഞ നെഹ്‌റുവെന്ന പ്രധാനമന്ത്രിയും ബാബരി മസ്ജിദിന്റെ താഴികക്കുടം മതാന്ധര്‍ തകര്‍ത്തപ്പോള്‍ ഗാന്ധിജിയുടെ വധത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ വേദനയെന്ന് പറഞ്ഞ കെ.ആര്‍. നാരായണനെന്ന രാഷ്ട്രപതിയുമെല്ലാമുണ്ടായ നാടാണിത്.

രഥയാത്രയുടെ അവസാനം പള്ളിപൊളിക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നുവെങ്കില്‍ താന്‍ അങ്ങോട്ട് പോകില്ലായിരുന്നുവെന്ന് അടുത്തിടെ എല്‍.കെ. അദ്വാനിതന്നെ പറയുകയുണ്ടായി. എന്നിട്ടും ഭരണകൂടം പ്രാണപ്രതിഷ്ഠയുമായി മുന്നോട്ടുപോകുന്നതാണ് നാം കണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനത്തോടനുബന്ധിച്ച് നിരപരാധികളായ രണ്ടായിരത്തോളം പേരാണ് രാജ്യത്ത് മരിച്ചത്.

ഇവിടത്തെ ന്യൂനപക്ഷം ഉമിത്തീ എന്നപോലെ കഴിയുകയാണെന്നത് നാം കാണാതെപോകരുത്. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു സന്യാസിമാര്‍ പൂജ നടത്തുന്നു, മധുരയിലെ പള്ളിക്കെതിരെ മതാന്ധര്‍ രംഗത്തുവരുന്നു, താജ്മഹലിലെ ഉറൂസ് നിര്‍ത്താനാവശ്യപ്പെടുന്നു എന്നിങ്ങനെയാണിപ്പോള്‍ കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം മുന്‍ എം.പി. സി. ഹരിദാസിന് മുല്ലപ്പള്ളി സമ്മാനിച്ചു. എ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ യു.കെ. കുമാരന്‍, പി.പി. പത്മനാഭന്‍, പി.വി. വേണുഗോപാല്‍, ഡോ. എം.പി. പത്മനാഭന്‍, അബ്ദുല്‍ അസീസ്, വിപിന്‍ ജോഷി, അല്‍ഫോണ്‍സ മാത്യു, എം.പി. രാമകൃഷ്ണന്‍, എം.കെ. ബീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Next Article