മേഘമൽഹാർ രാഗത്തിൽ മഴ പശ്ചാത്തലമായ മ്യൂസിക്കൽ ആൽബം 'മഴയേ '
കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്...‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മഴയേ’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് വെങ്കിടേഷ് മനോഹർ എന്ന എഴുപതുകാരൻ നായകനായെത്തിയത്.
1954 ഓഗസ്റ്റ് ഏഴിനു ജനിച്ചയാളാണ് വെങ്കിടേഷ്.കുട്ടിക്കാലത്ത് കോഴിക്കോട് നഗരത്തിൽ പാരഗൺ ഹോട്ടലിനു സമീപത്താണ് മനോഹറും കുടുംബവും താമസിച്ചിരുന്നത്. അന്ന് പാരഗൺ ഹോട്ടലിനുമുകളിൽ ലോഡ്ജുണ്ട്. മനോഹറിന് പത്തുപന്ത്രണ്ടു വയസ്സുള്ള കാലത്ത് അവിടെയാണ് സംവിധായകൻ അരവിന്ദൻ താമസിച്ചിരുന്നത്. അരവിന്ദന്റെ മുറിയിൽ ആർടിസ്റ്റ് നമ്പൂതിരിയും സുരാസുവുമടക്കമുള്ള കലാകാരൻമാർ ഒത്തുകൂടുമായിരുന്നു. ഉത്തരായണം പോലുള്ള സിനിമകളുടെ ചിന്ത പിറന്നത് ഈ മുറിയിൽവച്ചാണ്. അന്ന് ആ മുറിയിലെ സന്ദർശകനായിരുന്ന വെങ്കിടേഷ് മനോഹർ ഇവരെല്ലാവരുമായും സൗഹൃദമുണ്ടാക്കിയിരുന്നു.പിൽക്കാലത്ത് സംവിധായകൻ ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അഭിനേതാവായെത്തിയ ഹരിയുടെ സഹായിയായി വെങ്കിടേഷ് മനോഹറും കൂടെയുണ്ടായിരുന്നു. അന്നുംഇന്നും നല്ല സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മനോഹർ. പല ഭാഷകളിലുള്ള കലാമൂല്യമുള്ള സിനിമകൾ കാണുന്നയാളാണ്. നല്ല വായനക്കാരനുമാണ്.മുതിർന്നപ്പോൾ പൈ ബുക്സിൽ ജീവനക്കാരനായി. അക്കാലത്ത് കുഞ്ഞുണ്ണി മാഷും പുനത്തിൽ കുഞ്ഞബ്ദുല്ലയുമടക്കമുള്ളവരുമായി സൗഹൃദത്തിലായി. മൾബറി ബുക്സ് ഉടമയും കവിയുമായ ഷെൽവിയടക്കമുള്ളവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നിലവിൽ മലയാള മനോരമയുടെ സർക്കുലേഷൻ വിഭാഗത്തിലാണ് മനോഹർ ജോലി ചെയ്യുന്നത്.
മഴയുടെ പശ്ചാത്തലത്തിൽ മേഘമൽഹാർ രാഗത്തിൽ ഒരുക്കിയ ചെറിയൊരു ആൽബം സോങ്ങാണ് ‘മഴയേ’. വിരഹം സൃഷ്ടിക്കുന്ന ശൂന്യതയാണ് പാട്ടിൽ കേൾവിക്കാരനെ കാത്തിരിക്കുന്നത്.കോഴിക്കോട് മുഖദാർ സ്വദേശിയായ യുവ ഗായകൻ അഹമ്മദ് ജംഷീദാണ് പാട്ട് പാടിയത്. വിവിധ മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധേയനാണ് അഹമ്മദ് ജംഷീദ്.മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മിത്രൻ വിശ്വനാഥാണ് പാട്ടെഴുതിയത്. കോഴിക്കോട് സിറ്റിപൊലീസിലെ പൊലീസുകാരനും സംഗീതജ്ഞനുമായ പ്രശാന്ത് മൽഹാറാണ് സംഗീതസംവിധാനം നിർവഹിച്ചത്. തൃശൂർ സ്വദേശിയായ സംഗീതജ്ഞൻ എഡ്വിൻ ജോൺസണാണ് പാട്ടിന് പശ്ചാത്തല സംഗീതമൊരുക്കിയത്. പൂർണമായും സാംസങ് എ 53 എന്ന മൊബൈൽഫോണിൽ ചിത്രീകരിച്ചതാണ് മഴയേ എന്ന പാട്ട്.