വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്ഐക്ക് പങ്കെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്ഐയും ഭാഗമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്യാമ്പസുകളില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. മുഖം നോക്കാതെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ 18 പ്രതികളെയും അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. വളരെ വേഗം അയാളെയും അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
അഭിമന്യൂ വധക്കേസിലെ കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും എം വി ഗോവിന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ വിചാരണ ത തുടങ്ങാനിരിക്കെയാണ് രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും നഷ്ടപ്പെടുന്നത്. 2022 ല്‍ രേഖകള്‍ കാണാതായെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസ്സിലാവുന്നത്. 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും വിചാരണ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം അഭിമന്യൂ വധക്കേസിലെ കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ സംഭവത്തില്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങളും രംഗത്ത് വന്നിരുന്നു.