നന്ദനം കുവൈറ്റ് "രംഗപ്രവേശം 2024" സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയം - നന്ദനം കുവൈറ്റ്, സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന "രംഗപ്രവേശം 2024" സംഘടിപ്പിച്ചു. അഹ്മദി ഡി പി എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി സെക്കന്റ് സെക്രട്ടറി ശ്രീ നിഖില്‍ കുമാര്‍ മുഖ്യ അതിഥിയായിരുന്നു. കലാസംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള നന്ദനത്തിൻ്റെ പ്രതിബദ്ധതയും ഇന്ത്യൻ സംസ്കാരത്തിൻ്റെ അഗാധമായ പ്രാധാന്യത്തെ കുറിച്ചും, വിലമതിക്കാനാവാത്ത സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നന്ദനത്തിൻ്റെ അമൂല്യമായ പങ്കിനെ കുറിച്ചും ശ്രീ നിഖില്‍ കുമാര്‍ വിശദമായി സംസാരിച്ചു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമായ ശ്രീമതി ദിവ്യാ ഉണ്ണി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി നൃത്തങ്ങള്‍ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അധ്യാപകരുടെ പരിശ്രമത്തെ അഭിനന്ദിച്ചു.നന്ദനം ഡയറക്‌ടര്‍ ശ്രീമതി നയന സന്തോഷ്, ചടങ്ങിനു സ്വഗതം ആശംസിച്ചു സംസാരിച്ചു."രംഗപ്രവേശം 2024" സുവനീറിന്റെ ആദ്യ കോപ്പി ശ്രീ നിഖിൽ കുമാർ ശ്രീമതി ദിവ്യ ഉണ്ണിക്ക് സമ്മാനിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ ബിജീഷ് കൃഷ്ണ (വോക്കൽ), ശ്രീ ചാരുദത്തന്‍ വി (മൃദംഗം), ശ്രീ സുരേഷ് നമ്പൂതിരി (വയലിൻ), ശ്രീ സൗന്ദര രാജൻ (വീണ) എന്നിവരടങ്ങുന്ന ലൈവ് മ്യുസിക് സദസ്സിനെ ശ്രാവ്യസുന്ദരവുമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ തത്സമയ സംഗീതത്തിൻ്റെ അകമ്പടിയോടെ 59 വിദ്യാർഥികൾ അരങ്ങേത്രം കുറിച്ചു. അരങ്ങേറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദര സൂചകമായി, നന്ദനത്തിലെ ജൂനിയർ കുട്ടികള്‍ ചെയിൻ ഡാൻസ് അവതരിപ്പിച്ചു.
നന്ദനത്തിനോടൊപ്പം 12 വര്‍ഷത്തെ നൃത്തയാത്ര ചെയ്ത, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം കുറിച്ച റിറ്റു മൈക്കിളിനു, പ്രത്യേക അംഗീകാരം നൽകി. അരങ്ങേത്രത്തിൽ പങ്കെടുത്തവർക്ക് ശ്രിമതി ദിവ്യാ ഉണ്ണി മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി. മേക്കപ്പ് ആർട്ടിസ്റ്റുകളായ ശ്രീ ബിജു മേരി വർഗീസ്, ശ്രീമതി രസ്ന രാജ് എന്നിവരെയും മെമെന്റൊ നല്‍കി ആദരിച്ചു. നന്ദനം ഡയറക്ടര്‍മാരായ ശ്രീമതി നയന സന്തോഷും ശ്രീമതി ബിന്ദു പ്രസാദും ചേർന്ന് ദിവ്യാ ഉണ്ണിക്ക് മെമന്റോ സമ്മാനിച്ചു. പരിപാടിയുടെ സമാപനത്തിൽ മാതാപിതാക്കൾ, അധ്യാപകർ, സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് കുമാരി നന്ദ പ്രസാദ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.