Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദേശീയ കിക്ക്‌ബോക്സിങ് മത്സരത്തില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

04:30 PM Nov 08, 2023 IST | Veekshanam
Advertisement

മലപ്പുറം: ഡെറാഡൂണില്‍ നടന്ന ദേശീയ കിക്ക്‌ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം നേടിയ അസാപ് കേരളയുടെ പാണ്ടിക്കാട്ടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വിദ്യാര്‍ത്ഥികളെയും പരിശീലകരെയും മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ഐ എ എസ് അനുമോദിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരളത്തിനു വേണ്ടി സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് പാണ്ടിക്കാട് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയത്. മുഹമ്മദ് സിനാന്‍ (സ്വര്‍ണം, വെള്ളി), അല്‍സാബിത്ത് വി (വെള്ളി), സിദ്ധിന്‍ കൃഷ്ണ (വെങ്കലം) എന്നിവരാണ് മെഡല്‍ ജേതാക്കളായത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പാണ്ടിക്കാട് അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന കിക്ക്‌ബോക്സിങ് പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ മത്സരിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 29 സ്വര്‍ണവും, 18 വെള്ളിയും, 10 വെങ്കലവും നേടിയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്.

Advertisement

അബ്ദുല്‍ റഷീദ്, ഡോ യൂനുസ് കരുവാരക്കുണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കിക്ക് ബോക്സിങ് പരിശീലനം നല്‍കി വരുന്നത്. ചുരുങ്ങിയ നാളുകളുടെ പരിശീലനത്തിന്റെ ബലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൊയ്തതെന്ന് സ്‌കില്‍ പാര്‍ക്ക് മേധാവി മിനി പറഞ്ഞു. കിക്ക് ബോക്സിങ് സംഘടനയായ വാക്കോ കേരളയുടെ സഹകരണത്തോടെയാണ് ഇവിടെ പരിശീലനം. കിക്ക് ബോക്സിങ് കൂടാതെ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, ഫ്രണ്ട് ഓഫീസ് ട്രെയിനി, ഫിറ്റ്‌നസ്സ് ട്രെയിനര്‍ തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളാണ് ഇപ്പോള്‍ പാണ്ടിക്കാട് സ്‌കില്‍ പാര്‍ക്കില്‍ നല്‍കി വരുന്നത്. അതിനൊപ്പം തന്നെ ഫാബ്രിക് പെയിന്റിംഗ്, ഫോട്ടോഗ്രാഫി എന്നിവയില്‍ ഒരു ദിവസ പരിശീലന പരിപാടിയും പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്നുണ്ട്. യുവജനങ്ങളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ കോഴ്സുകളാണ് കേരളത്തിലുടനീളം 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലൂടെ അസാപ് കേരള നല്‍കി വരുന്നത്. വിപണിയില്‍ ആവശ്യകതയുള്ള നൈപുണ്യ പരിശീലനങ്ങളാണ് ഇവ. സ്പോര്‍ട്സ്, വെല്‍നസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളിലും വിവിധ കോഴ്സുകള്‍ ഇതിലുള്‍പ്പെടും. ചടങ്ങില്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നോര്‍ത്ത് സോണ്‍ അസോസിയേറ്റ് ഡയറക്ടര്‍ പി ഷൈനി, പ്രോഗ്രാം മാനേജര്‍ പി മിനി, എക്‌സിക്യൂട്ടീവ് ഇന്റേണ്‍ കെ.സൂരജ്, എസ് ഫര്‍സീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Next Article