For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നവകേരള സദസ് സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകം: വി.ഡി. സതീശൻ

02:28 PM Nov 20, 2023 IST | Rajasekharan C P
നവകേരള സദസ് സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകം  വി ഡി  സതീശൻ
Advertisement

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൗരപ്രമുഖരോട് സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക് മുന്നിൽ ആകാശവാണിയാകുന്നു. കേരളത്തിൽ നടക്കുന്നതു രാജഭരണമാണെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെന്നും സതീശൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
നവകേരളസദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച നടത്തുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവകേരളസദസിലുള്ളത്. മെയ് രണ്ട് മുതൽ ജൂൺ നാല് വരെ താലൂക്ക്തലത്തിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളിൽ ഒരെണ്ണെത്തിനെങ്കിലും പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുൻപ് വാങ്ങിവച്ച പരാതികൾ തന്നെയാണ് ഇപ്പോഴും വാങ്ങി വയ്ക്കുന്നത്.

Advertisement

നാട്ടുകാരുടെ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് ഇരുന്ന് നന്നായി ഭരിച്ചാൽ മതി. കർഷകൻ ആത്മഹത്യ ചെയ്തിട്ടും നെല്ല് സംഭരണം ഫലപ്രദമാക്കാൻ ഒരു നടപടിയും എടുത്തില്ല. പ്രശ്‌നങ്ങൾ പരിഹരിക്കലാണ് ഭരണം. അല്ലാതെ ഇതുപോലെ ഇറങ്ങി നടക്കലല്ല ഭരണം. യു.ഡി.എഫ് അനുഭാവികൾ ആരും നവകേരളസദസുമായി സഹകരിക്കില്ലെന്നും സതീശൻ അറിയിച്ചു.

കേരളത്തിൽ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നു പോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ച. ജനങ്ങളുടെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനെ അശ്ലീല നാടകമെന്നല്ലാതെ എന്ത് പറയും.

സർക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ അമർഷവും പ്രതിഷേധവുമാണ് ജനങ്ങൾക്ക് ഈ സർക്കാരിനോടുള്ളത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുന്നത്. ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളെല്ലാം പാളം തെറ്റി. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, സപ്ലൈകോ, ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കോർപറേഷൻ, കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തകർന്നു. വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയ്ക്ക് 3000 മുതൽ 4000 കോടിയാണ് സർക്കാർ നൽകേണ്ടത്. ഇതിനൊന്നും ഒരു വഴിയും കാണാതെ, ജനങ്ങൾക്കു മുന്നിൽ അസംബന്ധ നാടകം കളിച്ചു മടങ്ങുന്നതാണ് ജനസദസെന്നും സതീശൻ ചൂണ്ടിക്കാട്ടി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Author Image

Rajasekharan C P

View all posts

Advertisement

.