നവകേരള ബസ് ചെളിയിൽ കുടുങ്ങി
മാനന്തവാടി: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയ ബസ് മാനന്തവാടിയിൽ ചെളിയിൽ താഴ്‌ന്നു. വയനാട്ടിലെ അവസാനത്തെ പരിപാടിയാണ് മാനന്തവാടിയിലുണ്ടായിരുന്നത്. സുൽത്താൻബത്തേരിയിൽനിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചെളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു. ഒ.ആർ. കേളു എം.എൽ.എ, കളക്ടർ ഡോ. രേണുരാജ് ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി ബൊക്കെ നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്. ബസിന്റെ മുൻടയറുകളും പിൻടയറുകളും ചെളിയിൽ താഴ്‌ന്നുപോയി. പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് ബസിനെ ചെളിയിൽനിന്ന് കര കയറ്റിയത്. പിൻ ടയറുകൾ നല്ലരീതിയിൽ താഴ്‌ന്നുപോയതിനാൽ കയർ കെട്ടി വലിക്കേണ്ടി വന്നു. ചെളിയിൽ നിന്ന് കരകയറ്റിയ ശേഷം ബസ് പ്രധാന റോഡിലേക്ക് മാറ്റിയിട്ടു. നവകേരള സദസ്സ് കഴിഞ്ഞശേഷം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വാഹനത്തിലാണ് ബസ് നിർത്തിയിട്ട റോഡിനു സമീപം എത്തിച്ചത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ നടന്നാണ് റോഡിലെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്. മഴകാരണം വെള്ളക്കെട്ടു രൂപപ്പെട്ടതിനാൽ പരാതി സ്വീകരിക്കുന്ന സ്ഥലവും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.