നവകേരള സദസ്സ്: സ്പോൺസർമാരെ കണ്ടെത്തുന്നത് അഴിമതിക്ക് കളമൊരുക്കും; സെറ്റോ
തിരുവനന്തപുരം: നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തുന്നത് അഴിമതിക്ക് കളമൊരുക്കുമെന്ന് സെറ്റോ അഭിപ്രായപ്പെട്ടു. ഒഴിവാക്കാൻ കഴിയാത്ത മറ്റു ജോലികളിൽ വ്യാപൃതരായിരുന്ന പഞ്ചായത്ത് സെക്രട്ടറിമാരെ ജോലിഭാരംമൂലം സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തില്ലായെന്ന കാരണത്താൽ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയത് ന്യായീകരിക്കാൻ കഴിയില്ല. സദസ്സിന്റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് നിലവിലുള്ള സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി ഇവർ ജോലിഭാരം നിമിത്തം പകരക്കാരെ ചുമതലപ്പെടുത്തിയിരുന്നതുമാണ്.
റവന്യൂ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ പൊതുവേ ജോലിഭാരം കൊണ്ട് പൊറുതി മുട്ടുന്ന വകുപ്പുകളാണ്. നിലവിൽ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്ന സമയവുമാണ്. ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും അയ്യായിരത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനും പ്രചരാണ പ്രവർത്തനങ്ങൾക്കുമുളള ഭീമമായ ചെലവ് കണ്ടെത്തുന്നതിനുളള ബാധ്യത ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും സെറ്റോ കുറ്റപ്പെടുത്തി
ഇത്തരത്തിൽ ജില്ലാ ഭരണകൂടം ഈ ചെലവുകൾക്ക് സ്പോൺസർമാരെ കണ്ടെത്തണമെന്നത് ഉദ്യോഗസ്ഥരും സ്പോൺസർമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് വഴിവെക്കും. പല സ്പോൺസർമാരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. വഴിവിട്ട കാര്യങ്ങൾ സർക്കാരിൽ നിന്നും നേടിയെടുക്കാൻ കളങ്കിത സ്വഭാവമുള്ളവർക്ക് അവസരം ഉണ്ടാക്കി കൊടുക്കരുത്. സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണകൂടം ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റത്തിലൂടെ ഭീഷണിപ്പെടുത്തുന്നത് വിലപ്പോകില്ല. ആനുകൂല്യ നിഷേധത്തിനെതിരെ ജനുവരി 24 ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ കെ. അബ്ദുൾ മജീദും അറിയിച്ചു.