നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ പുരസ്കാരം
മുംബൈ: ജവാൻ എന്ന ചിത്രത്തിലെ അഭിനയമികവിന് മലയാളി താരം നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ എത്തി.
'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയൻതാര കുറിച്ചത്. അതേസമയം ഷാരൂഖ് ഖാനാണ് മികച്ച നടൻ. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖർജി, ബോബി ഡിയോൾ എന്നിവർക്കും പുരസ്‌കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന ചിത്രത്തിനാണണ് പുരസ്‌കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റർജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്.
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നേടുന്ന നടിമാരിൽ ഒരാളാണ് നയൻ താര.