നെഹ്‌റു ട്രോഫി: വിഡിയോ പരിശോധന നാളെ
ആലപ്പുഴ: വിധിത്തര്‍ക്കത്തിന് പിന്നാലെ നെഹ്‌റു ട്രോഫി ഫൈനല്‍ മത്സരത്തിലെ വിഡിയോ ദൃശ്യം വീണ്ടും പരിശോധിക്കും. ജില്ല കലക്ടര്‍ അലക്‌സ് വര്‍ഗീസ്, സബ് കലക്ടര്‍ സമീര്‍ കിഷന്‍, എ.ഡി.എം എന്നിവര്‍ അംഗങ്ങളായ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സൂക്ഷമപരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഫൈനല്‍ മത്സരത്തില്‍ അന്തിമവിശലകനം നടത്താതെ കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടന്‍), സ്റ്റാര്‍ട്ടിങ് പോയന്റിലെ അപാകതമൂലം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടന്‍ വള്ളസമിതിയും (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) നല്‍കിയ പരാതി പരിഗണിച്ചാണ് എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടറുടെ ഇടപെടല്‍. ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റിയെ ബുധനാഴ്ച തെരഞ്ഞെടുക്കും. വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
വിവിധ മത്സരങ്ങള്‍ക്കിടിയില്‍ ഓളത്തിലൂടെയും ഒഴുക്കിലൂടെയും നീന്തിവന്ന പലരും തുണുകളില്‍ പിടിച്ചുകിടന്നതിനാല്‍ സ്ഥാനചലനമുണ്ടായി. ഈസാഹചര്യത്തില്‍ 0.5 മില്ലി സെക്കന്‍ഡില്‍ കാരിച്ചാല്‍ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും ദൃശ്യങ്ങളില്‍ വീയപുരം ചുണ്ടന്‍ ആദ്യമെത്തുന്നത് വ്യക്തമാണെന്നും പരാതിയിലുണ്ട്. ഫൈനല്‍ മത്സരത്തിന് മുമ്പ് ഒഫീഷ്യല്‍ ബോട്ട് ട്രാക്കില്‍ കയറ്റിയതിനാല്‍ തുഴയാന്‍ തയാറെടുപ്പ് നടത്തിയിരുന്നില്ല. തുഴച്ചിലുകാര്‍ തുഴ ഉയര്‍ത്തി കാണിച്ചിട്ടും ചീഫ് സ്റ്റാര്‍ട്ടര്‍ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നാണ് നടുഭാഗം ചുണ്ടന്റെ പരാതി. ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണ് 'മത്സരദൃശ്യം' വീണ്ടും പരിശോധിക്കുന്നത്.
ശനിയാഴ്ച നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 0.5 മില്ലി മൈക്രോ സെക്കന്‍ഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടന്‍ (4.29.790) രണ്ടും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന്‍ (4.30.56) നാലും സ്ഥാനവും നേടി.
പാകപ്പിഴയുണ്ടായാല്‍ വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരുമായും ക്ലബ് പ്രതിനിധികളുമായും സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് സാധാരണ ഫലപ്രഖ്യാപനം നടത്തുന്നത്. മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്‌സിലെ സാങ്കേതികവിദ്യയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ വീയപുരവും കാരിച്ചാലും ഒരേസമയം (4.29 മിനിറ്റ്) ഫിനിഷ് ചെയ്ത സമയമാണ് ടൈംമറില്‍ കാണിച്ചത്.
തൊട്ടുപിന്നാലെയാണ് മില്ലി മൈക്രോ സെക്കന്‍ഡ് എഴുതിക്കാണിച്ച് തിരുത്തിയത് രാഷ്ട്രീയപ്രേരിതമായ അട്ടിമറിയാണെന്നാണ് വി.ബി.സി കൈനകരിയുടെ ആരോപണം.