പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം സർക്കാർ ജീവനക്കാരിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇതു പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. കേന്ദ്രസർക്കാരിന് നൽകിയ വിഹിതം തിരികെ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായി നടപടികൾ സ്വീകരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത് 2016ല്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലര വര്‍ഷത്തിനു ശേഷമാണ് സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ രണ്ടാം തവണയും സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. ഒടുവില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ സുപ്രീം കോടതില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ശുപാര്‍ശ ചെയ്തില്ലെങ്കിലും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാരിന് നിയമ തടസമില്ലെന്ന് സതീഷ് ചന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സര്‍ക്കാരിന്റെ വിഹിതം തിരിച്ചെടുക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് നിയമതടസമില്ലെങ്കിലും പദ്ധതി തുടരാമെന്ന ഉറപ്പില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കാരണം ഉടന്‍ പിന്‍വലിക്കാനായേക്കില്ല. പങ്കാളിത്ത പെന്‍ഷന്‍ തുടരാമെന്ന ഉറപ്പില്‍ കഴിഞ്ഞ വര്‍ഷം 1,755.82 കോടി രൂപ കേരളം കടമെടുത്തിട്ടുണ്ട്. രാജസ്ഥാന്‍, ചത്തീസ്ഗഢ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.