'കെവൈസി അപ്‌ഡേഷന്റെ പേരിൽ തട്ടിപ്പ്'; മുന്നറിയിപ്പുമായി കേരള പോലീസ്
കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതായും, അല്ലാത്തപക്ഷം അക്കൗണ്ടും അതിലുള്ള പണവും നഷ്ടപ്പെടുമെന്ന് വ്യാജ സന്ദേശങ്ങൾ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പ് നടത്തുകാളെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ആ വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നല്‍കി തുടർ നടപടികൾ പൂർത്തിയാക്കിയാൽ, ഒരു ഒടിപി (OTP) ലഭിക്കുന്നു. തട്ടിപ്പ് നടത്തുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരായി നടിച്ച് ഫോണ്‍ വിളിച്ചോ അല്ലെങ്കിൽ വെബ്‌സൈറ്റില്‍ തന്നെയോ ആ ഒടിപി ആവശ്യപ്പെടുന്നു. അവര്‍ക്ക് ഒടിപി നല്‍കിയാൽ, അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരം സന്ദേശങ്ങള്‍ കിട്ടുമ്പോള്‍ സംശയം തോന്നിയാല്‍, നേരിട്ട് ബാങ്കുമായി ബന്ധപ്പെടാൻ പൊലീസ് ഉപദേശം നല്‍കുന്നു. യാതൊരു സാഹചര്യത്തിലും സന്ദേശത്തിലുളള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അവയോടൊപ്പം വരുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യരുത്. തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പണം നഷ്ടപ്പെട്ടാല്‍ ആദ്യ ഒരു മണിക്കൂറില്‍ പരാതി നല്‍കിയാല്‍ തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് അറിയിച്ചു.