ശ്രീലങ്കയെ എറിഞ്ഞിട്ട് ന്യൂസിലാൻഡ്, സെമി സാധ്യത തുറന്നു
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ക്വാർട്ടറിൽ ശ്രീലങ്കയെ തകർത്ത് ന്യൂസിലൻ്റിന് ഉജ്വല വിജയം. മികച്ച റൺ റേറ്റോടെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചത്. ടീം സെമി ഫൈനലിന് തൊട്ടടുത്ത്. ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 23.2 ഓവറിൽ അഞ്ച് വിക്കറ്റ് ലക്ഷ്യത്തിൽ ന്യൂസിലൻ്റ് മറികടന്നു.
മികച്ച റൺറേറ്റിൽ വിജയിക്കാനായതോടെ ന്യൂസിലൻ്റ് സെമി ഫൈനൽ സാധ്യത സജീവമാക്കി. അടുത്ത ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പാക്കിസ്ഥാൻ വൻ മാർജിനിൽ ഇംഗ്ളണ്ടിനേയും, അഫ്ഗാനിസ്ഥാൻ സൗത്ത് ആഫ്രിക്കയേ ഇതേ പോലെയും മറികടന്നെങ്കിൽ മാത്രമേ ന്യൂസിലൻ്റ് സെമി കാണാതെ പുറത്താകൂ. ഏറെക്കുറെ അപ്രാപ്യമായ മാർജിനിൽ പാക്കിസ്ഥാനും, അഫ്ഗാനും ജയിക്കണമെന്നിരിക്കേ ന്യൂസിലൻ്റ് സെമി കാണാൻ തന്നെയാണ് സാധ്യത.
ന്യൂസിലൻ്റിന് വേണ്ടി ഡെവൺ കോൺവേ 45 (42), രചിൻ രവീന്ദ്ര 42 (34), ഡാരിൽ മിച്ചൽ 43 (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
തകർത്തടിച്ച ഗ്ലെൻ ഫിലിപ്സാണ് 17 (10) ജയം വേഗത്തിലാക്കി.
ശ്രീലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് ലഭിച്ച് ശ്രീലങ്കയെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺൻ്റെ മനസ്സറിഞ്ഞ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ശ്രീലങ്ക 171 റൺസിന് പുറത്ത്.
അവസാന വിക്കറ്റിൽ മഹീഷ് തീക്ഷണയും, ദിൽഷൻ മധുശങ്കയും ചേർന്ന് നടത്തിയ ചെറുത്തു നില്പാണ് സ്കോർ 170 കടത്തിയത്.
ഇരുവരും ചേർന്നുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിൻ്റെ ഏറ്റവും മികച്ച പാർട്ണർഷിപ്പ്, 43 റൺസ്.
തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്കയെ കുശാൽ പെരേര കൂറ്റൻ അടികളിലൂടെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും 28 പന്തിൽ 51 റൺസെടുത്ത് പുറത്തായി.
തീക്ഷണ 38 (91) റൺസുമായി പുറത്താകാതെ നിന്നു. മധുശങ്ക 19 (48) റൺസുമെടുത്തു.
ന്യൂസിലൻ്റിനായി ട്രെൻറ് ബോൾട്ട് 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെർഗൂസൺ, മിച്ചൽ സാൻ്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.