ഫെമിന മിസ് ഇന്ത്യ വേള്‍ഡായി നികിത പോര്‍വാള്‍
മുംബൈ: മധ്യപ്രദേശില്‍ നിന്നുള്ള 18കാരി നികിത പോര്‍വാള്‍ 2024 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോര്‍വാളിനെ വിജയിയായി പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോര്‍വാള്‍. ദാദ്ര-നഗര്‍ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്സപ്പായി. കിരീടത്തിനായി 30 മത്സരാര്‍ഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോര്‍വാള്‍ ഇനി നടക്കാനിരിക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
സംഗീത ബിജ്ലാനി, നികിത മഹൈസല്‍ക്കര്‍, അനീസ് ബസ്മി, നേഹ ധൂപിയ, ബോസ്‌കോ മാര്‍ട്ടിസ്, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 'ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോള്‍ എന്നില്‍ നന്ദി നിറയുന്നു.
ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ' നികിത പോര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. 1980ലെ ഫെമിന മിസ് ഇന്ത്യ ജേതാവായ സംഗീത ബിജ്ലാനി അടക്കം പങ്കെടുത്ത പരിപാടിയില്‍ ജനപ്രിയ സംഗീത ഗ്രൂപ്പായ ബാന്‍ഡ് ഓഫ് ബോയ്‌സ് ഗാനങ്ങള്‍ അവതരിപ്പിച്ചു. അഭിനേതാക്കളായ രാഘവ് ജുയല്‍, ഗായത്രി ഭരദ്വാജ് എന്നിവരും രംഗത്തെത്തി.