ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം: അഭയ കേന്ദ്രങ്ങളിലെ അന്തേവാസികളും ജീവനക്കാരും പട്ടിണിയിലേക്ക്
കെ.എന്‍ നവാസ് അലി
മലപ്പുറം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പരാധീനതയിലായ അഭയ കേന്ദ്രങ്ങള്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. സര്‍ക്കാരിതര സംഘടനകള്‍ മുഖാന്തിരം നടത്തുന്ന ഹോമുകളിലെത്തുന്ന പീഡനത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണത്തിനും വൈദ്യ സഹായത്തിനും മരുന്നുകള്‍ക്കും വസ്ത്രത്തിനും ജീവനക്കാരുടെ ശമ്പളത്തിനും വനിതാ ശിശു വികസന വകുപ്പാണ് പണം നല്‍കേണ്ടത് . എന്നാല്‍ ഇത് ഒമ്പത് മാസമായി മുടങ്ങി കിടക്കുകയാണ്. ഇത് മൂലം മിക്ക ഹോമുകളുടെയുെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിനായി അഭയകേന്ദ്രം ജീവനക്കാര്‍ വനിതാ ശിശു ഡയറക്ടറേറ്റിലും വനിതാ ശിശു വികസന മന്ത്രിയുടെ ഓഫീസിലും ഇടപെടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അപേക്ഷകളെല്ലാം തടഞ്ഞുവെക്കുകയാണ്. ഒന്നിനും കൃത്യമായ മറുപടിയോ ഫണ്ട് കൃത്യ സമയത്ത് കൊടുക്കുവാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഈ വിഷയം പരാതിയായി എത്തി. അതിനും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അഭയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് അനുവദിച്ചിട്ടുള്ളത്. ഈസ്റ്റര്‍, പെരുന്നാള്‍, വിഷു തുടങ്ങിയ ആഘോഷ സമയമായിട്ടു പോലും മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അതേസമയം കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ നാടുമുഴുവന്‍ നടന്ന ഭക്ഷ്യവസ്തുക്കള്‍ കടം വാങ്ങേണ്ട ഗതികേടിലുമാണ് ജീവനക്കാര്‍. സ്ഥിരമായി ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയിരുന്ന കടകള്‍ മാസങ്ങളുടെ കുടിശ്ശിക വന്നതോടെ പ്രയാസത്തിലാണ്. തുടര്‍ന്നും സാധനങ്ങള്‍ കടമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മറ്റു വഴികള്‍ നോക്കാനാണ് പല കടക്കാരും പറയുന്നത്. അഭയ കേന്ദ്രം എന്ന പേരുള്ള ഷെല്‍ട്ടര്‍ ഹോമിനുള്ള നൂറു ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത് . മുമ്പ് സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴിലായിരുന്ന കാലത്ത്് ഫണ്ട് കൃത്യമായി ലഭിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് അഭയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അഭയ കേന്ദങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വര്‍ഷത്തില്‍ നാല് ഗഡുക്കളായിട്ടാണ് നല്‍കുന്നത്. ഇതില്‍ മിക്ക കേന്ദ്രങ്ങള്‍ക്കും ഒരു ഗഡു മാത്രമാണ് ലഭിച്ചത്. ഓരോ ഗഡു ലഭിച്ച ശേഷവും ഫണ്ട് വിനിയോഗം (യു.സി) സംബന്ധിച്ച വിരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടുത്ത ഗഡു അനുവദിക്കുന്നത്. എല്ലാ ജില്ലക്കാരും യു.സി നല്‍കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. ഏതെങ്കിലും ജില്ലയില്‍ നിന്നും റിപോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മറ്റു ജില്ലക്കാര്‍ക്കും ഫണ്ട് അനുവദിക്കാത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലെ പ്രശ്‌നമാണ് ഫണ്ട് അനുവദിക്കുന്നത് വൈകുന്നതിന്റെ കാരണമെന്ന വിശദീകരണം വന്നു. എന്നാല്‍ ഇതും ശരിയല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
നാല് ഗഡുക്കളായി തുക നല്‍കുക എന്ന നിബന്ധന മുന്‍പ് ഇല്ലായിരുന്നു. ഒരോ സാമ്പത്തിക വര്‍ഷവും അന്തേവാസികളുടെയും ജീവനക്കാരുടെയും എണ്ണം കണക്കാക്കി തുക അനുവദിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ഗഡു മാത്രമാണ് അഭയ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ പണം ആഗസ്റ്റ് മാസത്തിലാണ് അനുവദിച്ചത്. അതിനു ശേഷം തുക അനുവദിച്ചിട്ടില്ല.
വനിതാ ശിശു വികസന വകുപ്പിലും മന്ത്രിക്കും നിരന്തരം പരാതി അയച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ചതായി കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജില്ലാ ഓഫിസില്‍ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരിലും ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബില്ലുകള്‍ ട്രഷറിയിലേക്ക നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് ശേഷമുള്ള ബില്ലുകള്‍ ക്യവിലിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട്, സാമ്പത്തിക വര്‍ഷം കഴിഞ്ഞതിനാല്‍ ബില്ലുകള്‍ ലാപ്‌സായി എന്ന അറിയിപ്പാണ് ലഭിച്ചത്. ഇനി ആദ്യം മുതല്‍ തന്നെ എല്ലാം തയ്യാറാക്കി വീണ്ടും ഓരോ ജില്ലയിലെയും വനിതാ ശിശു വികസന വകുപ്പ് ഓഫിസിലേക്ക് അയക്കണം. അവിടെ നിന്നും ഡയറക്ടറേറ്റിലെത്തി, ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച് ആദ്യം മുതല്‍ തന്നെ എല്ലാ കാര്യങ്ങളും നടക്കണം. ഇതിന് വീണ്ടും മാസങ്ങളെടുക്കും. ഒരു അന്തേവാസിക്ക് 60 രൂപയാണ് ഒരു ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഇത് കൊണ്ട് മൂന്നു നേരം ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ കൈയ്യില്‍ നിന്നും പണമെടുത്താണ് അഭയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് കഴിഞ്ഞ ഒന്‍പത് മാസമായി നല്‍കാതെ സര്‍ക്കാര്‍ പിടിച്ചുവെക്കുന്നതും അന്തേവാസികളെയും ജീവനക്കാരെയും കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതും.