ലൈംഗിക ആറാട്ടുകളും മരിച്ചവരെ ജീവിപ്പിക്കുന്ന
ഇന്ദ്രജാലവുമായി സാമൂഹിക മാധ്യമരംഗം
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
സാമൂഹിക മാധ്യമരംഗം തെറ്റും ശരിയും കൂടിക്കുഴഞ്ഞ് അബദ്ധസഞ്ചാരം നടത്തി ജനങ്ങളെ ഒരുപോലെ സങ്കടത്തിലും സംഘർഷത്തിലും ആക്കിത്തുടങ്ങിയതിൻറെ പഴക്കം അതിൻറെ ജന്മകാലം മുതലാണ്. എങ്കിലും അഭിരുചികളെ പ്രചോദിപ്പിക്കാനും അത് ജനശ്രദ്ധയിൽ കൊണ്ടുവരാനും സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഒരിക്കലും നിഷേധിക്കാനാവില്ല. ലോകത്തെ എവിടെ നടക്കുന്ന സംഭവങ്ങളും വാർത്തകളാക്കി വേഗം പ്രേക്ഷകരിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കേണ്ടതുമാണ്. അതുപോലെ വ്യാജവാർത്തകൾക്കുള്ള വേദിയായും വസ്തുതകൾക്ക് നിരക്കാത്ത ഭ്രാന്തൻ ചിന്തകൾ ദൃശ്യങ്ങൾ സഹിതം അവതരിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ നിമിത്തമാകുന്നു. അടുത്തകാലത്താണ് അതിൻറെ അതിപ്രസരം കൂടുതൽ. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മറ്റി നടത്തിയ വിചാരണയിൽ സാമൂഹിക മാധ്യമങ്ങൾ വഴി ചൂഷണത്തിനിരയായ കുട്ടികളുടെ അച്ഛനമ്മമാരോട് ഫെയ്സ്ബുക്കിൻറെ മാതൃക കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാർക്ക് സക്കർബർ മാപ്പുപറഞ്ഞത് അടുത്തിടെ വാർത്തയായിരുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ടെക് കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു സക്കർബറിൻറെ വിചാരണയും തുടർന്നുള്ള മാപ്പുപറച്ചിലും. കുട്ടികൾ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ ലൈംഗികമായി വേട്ടയാടപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും. സ്ത്രീകളെയും വിൽപ്പനച്ചരക്കാക്കാനുള്ള പ്രക്രിയ ഈ മേഖലയിൽ ത്വരിതമായി നടക്കുന്നു. അൽപ്പ വസ്ത്രധാരിണികളായി മാദകത്വം തുളുമ്പുന്ന ദൃശ്യങ്ങളോടെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്നുനിറയുന്ന സ്ത്രീത്വം ഭാരതത്തിൻറെ ഭാവശുദ്ധിയെ പണയപ്പെടുത്തി അപമാനപൂരിതമാക്കുന്നു എന്നതാണ് സത്യം. ലൈംഗിക സുഖത്തെ സംബന്ധിച്ചുള്ള വേഴ്ചയ്ക്കിടയിലെ സംഭാഷണങ്ങളും സാമൂഹിക മാധ്യമത്തിൻറെ മറ്റൊരു കുസൃതിയായി കേൾക്കാൻ കഴിഞ്ഞതും സമീപകാലത്താണ്. ഒരുപാട് നന്മകൾക്കപ്പുറം ലൈംഗികത എന്ന ഏകലക്ഷ്യത്തെ മുൻനിർത്തി സാമ്പത്തിക വിളവെടുപ്പ് നടത്താൻ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ ബോധപൂർവ്വം തന്നെ ശ്രമിക്കുന്നുണ്ട് എന്ന സത്യത്തെ സാധൂകരിക്കുന്നതായിരുന്നു സക്കർബർഗിൻറെ ക്ഷമാപണവാക്കുകൾ ദുഷ്കരമായ അവസ്ഥയിൽ നിങ്ങൾക്ക് കടന്നുപോകേണ്ടി വന്നതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം വേദനകൾ ഒരു കുടുംബത്തിനും ഉണ്ടാകരുതെന്നും അതിനാണ് ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻറെ ഏറ്റുപറച്ചിൽ. സത്യം പറയാമല്ലോ ഇന്ന് കൂടുതൽ പ്രേക്ഷകരും സാമൂഹിക മാധ്യമങ്ങളിൽ പരതുന്നത് വിരുദ്ധ ചിന്തകളെ ഊട്ടി ഉറപ്പിക്കുന്ന സംസ്കാര ഹീനമായ സമാനമനസ്സുകളുമായുള്ള ഇഷ്ടം കൂടലിനാണ്. അങ്ങനെയുള്ള പതിനായിരക്കണക്കിന് 'ഇഷ്ടങ്ങൾ' ഒത്തുചേരുമ്പോൾ ഒരു സത്യത്തെ തിന്മകൊണ്ട് ജയിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. പ്രത്യാശയുടെ പിൻബലത്തിൽ ആട് പട്ടിയാവുകയും പിന്നീട് അതിനെ പേപ്പട്ടി എന്നുപറഞ്ഞ് തല്ലിക്കൊല്ലുകയും ചെയ്യുന്നു. അങ്ങനെ എത്രയോപേർ ഇല്ലാത്ത അപമാനഭാരത്താൽ കളംവിട്ട് നിഷ്ക്രമിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ നൽകുന്ന അളവില്ലാത്ത ശരികൾക്കിടയിൽ ബോധപർവ്വമായി വരുത്തുന്ന ചില തെറ്റുകളുടെ വിനകളുടെ ചൂണ്ടിക്കാണിക്കൽ മാത്രമാണിത്.
മുൻകാല കഥകളിലെപ്പോലെ ഇപ്പൊഴും തെറ്റിൻറെ പിറകെയാണ് ശരിയുടെ സഞ്ചാരം. ആട്ടിൻ തോൽ എന്നത് തെറ്റിൻറെ കവചമാണ്. അതിനുള്ളിലാണ് പ്രവൃത്തി ദോഷം ചെയ്യുന്നവനാണെങ്കിലും ചെന്നായ എന്ന യാഥാർത്ഥ്യം പതുങ്ങിയിരിക്കുന്നത്. അങ്ങനൊരു പ്രവൃത്തിയാണ് നടിയും മോഡലുമായ പൂനംപാണ്ഡെ നടത്തിയത്. ആദ്യം താൻ മരിച്ചു എന്ന തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയും പിന്നീട് താൻ മരിച്ചില്ലെന്നും അത്തരത്തിൽ ഒരു പോസ്റ്റിട്ടതിൽ മാപ്പു പറയുകയും ചെയ്തു അവർ. തെറ്റായ വാർത്തയുടെ ആറാട്ടു നടത്തിയശേഷം ജീവിച്ചിരിക്കുന്നു എന്ന സത്യത്തെ രൂക്ഷമായി അവതരിപ്പിക്കുകയായിരുന്നു പാണ്ഡെ. ആദ്യ വാർത്ത കേട്ട് പ്രേക്ഷകർ മരിച്ചു പുറംതള്ളിയ പാണ്ഡെ താൻ മരിച്ചിട്ടില്ലെന്ന് ഇനി എത്ര എഴുതി പറഞ്ഞാലും തെറ്റിദ്ധരിപ്പിക്കലിലൂടെ അവർ നടത്തിയ വിശ്വാസ വഞ്ചന പ്രേക്ഷക ലോകം മറക്കുമെന്ന് തോന്നുന്നില്ല. താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ ക്യാൻസറിൻറെ ബോധവൽക്കരണത്തിൻറെ ഭാഗമായാണ് പോസ്റ്റിട്ടതെന്നുമായിരുന്നു പൂനം പറഞ്ഞ ന്യായം. ഇങ്ങനെയുള്ള കള്ളത്തരങ്ങളും ശരിയും ഒരുവ്യക്തി തന്നെ അവതരിപ്പിക്കുമ്പോൾ അവരിലുള്ള വിശ്വാസ്യത എത്രമാത്രം അംഗീകരിക്കുമെന്ന് ചിന്തിക്കണം. അങ്ങനെയുള്ളവരുടെ കള്ളത്തരങ്ങളുടെ സഫലീകരണ വേദികൂടിയാണ് സാമൂഹിക മാധ്യമങ്ങൾ.
അതുപോലെ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിച്ചതിനാൽ ഒരു യുവാവിന് നഷ്ടപ്പെട്ടത് ചികിത്സ ലഭിക്കേണ്ട പത്തുമണിക്കൂറാണ്. മംഗ്ലൂരുവിലെ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ തിരിച്ചുപോകുന്നതിനിടെ കരുനാഗപ്പള്ളി സ്വദേശി അബദ്ധത്തിൽ തെറിച്ചുവീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് വെള്ളിയാഴ്ച രാത്രി യുവാവിനെ കണ്ടത്താൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ അതിനിടെ യുവാവിനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് തെറ്റായ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയവർ അതോടെ തിരച്ചിൽ നിർത്തി മടങ്ങുകയും ചെയ്തു. അതേസമയം ലിജോ പാളത്തിനരികെ ഗുരുതര പരുക്കുകളോടെ രക്തം വാർന്ന് കിടക്കുകയായിരുന്നു. അതും സാമൂഹിക മാധ്യമത്തിൻറെ മറ്റൊരു തെറ്റിദ്ധരിപ്പിക്കലായിരുന്നു. തെറ്റുകളുടെ ഉത്സവമേളം തീർക്കുന്ന വേദിയായി സാമൂഹിക മാധ്യമങ്ങൾ മാറാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാൽ സമൂഹത്തിൽ അത്രയും നന്മയും പുണ്യവും നിറയും.
വാൽക്കഷണം:
ബഡ്ജറ്റുകളുടെ വിളവെടുപ്പുകാലമാണിത്. നിർമ്മലാസീതാരാമൻ കേന്ദ്രത്തിൽ ധനക്കതിർ കൊയ്ത് നടുനിവർത്തിയതേയുള്ളൂ. ഇലക്ഷൻ അടുത്തതുകണ്ട് ജനങ്ങൾക്ക് കൂടുതൽ പരുക്കുകൾ നൽകിയില്ലെങ്കിലും കർഷകർക്ക് യാതൊന്നും നൽകിയില്ലെന്നത് പ്രധാന പരാതിയാണ്. ഇനിയും അധികാരത്തിൽ വരികയാണെങ്കിൽ (ആ വിശ്വാസം അവരെ രക്ഷിക്കട്ടെ) അന്നരം കൂടുതൽ പരുക്കുകൾ നൽകിക്കൊണ്ട് ബഡ്ജറ്റ് വീണ്ടും അവതരിപ്പിക്കാമെന്നാണ് നിർമ്മല മനസ്സോടെ അവർ പറയുന്നത്. അവരെ ഈശ്വരൻ രക്ഷിക്കട്ടെ. ഇവിടെ ബാലഗോപാലൻ എന്ന കർഷകനും ധനപാടത്ത് ബഡ്ജറ്റ് വിളവെടുപ്പിന് നിർമ്മലയ്ക്ക് പിറകെ ഇറങ്ങിയിരുന്നു. ഇവിടെ ഇലക്ഷന് രണ്ടേകാൽ വർഷത്തെ ദൂരം കിടക്കുന്നതുകൊണ്ട് മുക്കാൽ ഭാഗം കടുപ്പിച്ചും കേന്ദ്ര ഇലക്ഷൻ അടുത്തതുകൊണ്ട് ഒന്നു തലോടിയുമാണ് ബഡ്ജറ്റ് വിളവെടുപ്പ്. ദാരിദ്ര്യം പിടിച്ച കേരളം 2022-23 ൽ സാമ്പത്തിക വളർച്ച നേടിയത് 6.6 ശതമാനം മാത്രമാണെന്നാണ് അവലോകനം വ്യക്തമാക്കുന്നത്. അത് രാജ്യത്തിൻറെ വളർച്ചയെക്കാൾ കുറവാണെന്നാണ് വിലയിരുത്തൽ. ഏതായാലും ബഡ്ജറ്റ് മഹോത്സവങ്ങൾ ഏതു തരത്തിൽ ബാധിക്കുമെന്നത് ഇലക്ഷനിലെ കല്ലും തിരഞ്ഞേ വ്യക്തമാകൂ.