Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കടക്കെണി മാറ്റാൻ നടപടിയില്ല; പലിശ കൊടുത്ത് മുടിയും

07:55 PM Feb 05, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിന്റെ കടക്കെണി ഊരാക്കുടുക്കായി ജനങ്ങളുടെ കഴുത്തിൽ മുറുകുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. കടമെടുത്ത തുകയ്ക്ക് കേരളം നൽകുന്ന പലിശ കുതിച്ചു കയറുകയാണ്. ഇത് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. അതേസമയം, കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പിൽ വിലപ്പോവില്ലെന്ന് ഉറപ്പാണ്. കേന്ദ്രസർക്കാർ
കേരളത്തോടു കേന്ദ്രസർക്കാരിന് ശത്രുതാ സമീപനമാണന്നാണ് ഇന്നലെ ബജറ്റ് അവതരണ വേളയിലും ധനമന്ത്രി കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തിയത്. എന്നാൽ, കേരളത്തിന് നൽകിയ തുകയുടെ കണക്ക് പറഞ്ഞ് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി ഔദ്യോഗിക രേഖകൾ പുറത്തുവിട്ടത് പിണറായി സർക്കാരിന് തിരിച്ചടിയായി. ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം കേരളത്തിനു 2020 മുതൽ 2024 ജനുവരി വരെ നികുതിവിഹിതമായി നൽകിയ തുകയുടെ കണക്കാണു പുറത്തുവിട്ടത്. 2020-21 സാമ്പത്തിക വർഷം 11560.40 കോടി, 2021-22ൽ 17820.09 കോടി, 2022-23ൽ 18260.68 കോടി, 2023-24 (2024 ജനുവരി വരെ) 15789.76 കോടി എന്നിങ്ങനെയാണ് കണക്ക്. ഇതുപ്രകാരം 2020 മുതൽ കഴിഞ്ഞ ജനുവരി നൽകിയത് 63430.93 കോടിയാണെന്നു കേന്ദ്രം വ്യക്തമാക്കുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി 28,054 കോടി രൂപ കേരളത്തിനു നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള 737.88 കോടി നൽകാനുള്ള നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി.
ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റാണ് കേരളത്തിലേതെന്ന് കേന്ദ്രം പറയുന്നു. കേരളത്തിന്റെ നിലവിലുള്ള കടബാധ്യത ഉയർന്ന തോതിലാണ്. 2021-22ൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 39 ശതമാനവും കടബാധ്യതയായപ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 19.98 ശതമാനവും കടബാധ്യതക്കുള്ള പലിശയൊടുക്കാനാണ് കേരളം വിനിയോഗിച്ചതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.
അതേസമയം, കേന്ദ്രത്തില്‍നിന്നു ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു–സ്വ‌കാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബജറ്റിൽ കെഎൻ ബാലഗോപാൽ പറയുന്നു. ഇതിനായി ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പാക്കുമെന്നും കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ബജറ്റവതരണത്തിൽ ധനമന്ത്രി കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് ചൈനീസ് മോഡൽ ഡെവലപ്‌മെന്റ് സോണുകൾ കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്ലാൻ ബിയുടെ ഭാഗമാണോയെന്നാണ് വിലയിരുത്തേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ച് ആഗോള നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് ഡെവലപ്‌മെന്റ് സോണുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി വികസനത്തിന് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന പ്രത്യേക സാമ്പത്തിക സോണുകൾ എന്ന തുറന്നിടൽ നയങ്ങളാണ് ചൈനയുടെ സമൃദ്ധിക്ക് കാരണം. അതേ മാതൃകയാണോ കേരളത്തിൽ വരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. പക്ഷെ സർക്കാരിന്റെ മനസിൽ ഒരു പ്ലാൻ ബിയുണ്ട് എന്ന പ്രഖ്യാപനം മറ്റൊരു കിഫ്ബിയാകുമോയെന്നാണ് ചോദ്യം.

Advertisement

Advertisement
Next Article